News Desk

2021-04-02 09:21:06 pm IST

ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. നേരത്തെ അമേരിക്ക ആയിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ബ്രസീലാണുള്ളത്. 

കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 91,097 കൊവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കുറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. അമേരിക്കയില്‍ വ്യഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 77,718 കേസുകളാണ്.

കഴിഞ്ഞ മൂന്നാഴ്ചകളിലായി ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30-നാണ്. അന്നു മുതല്‍ 1,23,03,131 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ജനുവരി 22-നായിരുന്നു ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചത് 30,538,427 പേര്‍ക്കായിരുന്നു. എന്നാല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

കൊവിഡ് മരണങ്ങളുടെ കണക്കില്‍ നാലാം സ്ഥാനാത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ 83.16 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തെ സജീവ കേസുകളില്‍ 77.91 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് സജീവ കൊവിഡ് കേസുകളില്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സജീവ കേസുകളില്‍ 59.84 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കേസുകളുടെ വര്‍ധനവ് സൂചിപ്പിക്കുന്നത് വൈറസ് ഇപ്പോഴും സജീവമാണെന്നാണെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞിരുന്നു.

അതേസമയം, രാജ്യം വീണ്ടും ലോക്ഡൗണിലേയക്ക് പോകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നിരീക്ഷകര്‍. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ മഹാരാഷ്ട്രയിലെ സ്ഥിതിയും. കൊവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തന്നെ പ്രധാനപ്പെട്ട നഗരമായ പൂനെ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച മാത്രം പൂനെയില്‍ 8,011 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 8,605 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തില്‍ വീണ്ടും വലിയതരത്തിലുള്ള വര്‍ധനവ് വന്നതോടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top