News Desk

2021-04-13 11:37:43 am IST

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം (1,61,736) പുതിയ കൊവിഡ് കേസുകള്‍. 879 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം (1,71,058) കടന്നു.

ഇതുവരെ 1.36 കോടി (1,36,89,453) കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.22 കോടി (1,22,53,697) പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 10 കോടി പേര്‍ ഇതിനോടകം വാക്സിന്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷന്‍ ക്യാമ്പുകള്‍ പല സംസ്ഥാനങ്ങളും നടപ്പാക്കുന്നുണ്ട്. 

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ അവതാളത്തിലാകുന്നു. ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ കിടത്താന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. 

അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേദ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതായി. വരാന്തയിലും നിലത്തും മോര്‍ച്ചറിക്കു പുറത്തു പൊരിവെയിലത്തും മൃതശരീരങ്ങള്‍ കിടത്തുന്ന അവസ്ഥയാണുള്ളത്. 

ആശുപത്രിയിലെ ഐസിയു കിടക്കകള്‍ കഴിഞ്ഞയാഴ്ച തന്നെ നിറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയേറെ മരണങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ മീരാ ഭാഗല്‍ പറഞ്ഞു. സാധാരണ നിലയിലുള്ള ഫ്രീസറുകള്‍ സജ്ജമായിരുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 മരണങ്ങളാണ് സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്പോഴേക്കും മരണസംഖ്യ 60-തായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 11,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓക്സിജന്‍ സിലിണ്ടറുകളുടെ ആവശ്യകത മൂന്നു മടങ്ങ് വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 17,000 പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. ഇവര്‍ക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top