ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഓഫീസ് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന ശുഭകരമായ വാര്‍ത്തയാണ് ഖത്തറില്‍ നിന്നും പുറത്തു വരുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വര്‍ഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മില്‍ വിവിധ മേഖലകളില്‍ മികച്ച ബന്ധമാണുള്ളത്. ഖത്തറില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. കൊവിഡ് മഹാമാരിയടക്കമുള്ള കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ, വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യ-ഖത്തര്‍ വ്യാപാരത്തില്‍ വലിയ പുരോഗതി കൈവരിക്കാനായെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഉഭയകക്ഷി വ്യാപാരം 11 ബില്ല്യന്‍ ഡോളറില്‍ എത്തുമെന്നുമാണ് നീരീക്ഷണം.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ മാറ്റം വരുന്നതോടെ അമീര്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഊര്‍ജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാണ്. അതേസമയം, 2019-20 കാലയളവില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യന്‍ ഡോളര്‍ കടന്നതായി കസ്റ്റംസ് ജനറല്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എല്‍.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. ആക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഖത്തറിനും ഇന്ത്യക്കും ഇടയില്‍ നിക്ഷേപത്തിന് വലിയ പ്രാധാന്യമാണ് ഭരണാധികാരികള്‍ നല്‍കുന്നത്. വിവിധ മേഖലകളിലായി ആറായിരത്തിലധികം ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു കീഴില്‍ 100 കമ്പനികളും ഫ്രീ സോണിന് കീഴില്‍ പത്തിലധികം ഇന്ത്യന്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജം, വിവര സാങ്കേതികവിദ്യ, സേവനം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കമ്പനികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതാണ്. ഖത്തറിലെ ഏറ്റവും വലിയ വാതക പര്യവേഷണ കേന്ദ്രമായി നോര്‍ത്ത് ഫീല്‍ഡ് പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലേക്ക് വരുമെന്നാണ് പ്രതീക്ഷ.
ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യസ്ഥാപനമായ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡി(എ.ഇ.എം.എല്‍)ന്റെ ഓഹരി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) വാങ്ങുന്നുവെന്ന് ഈയടുത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായി ഇക്കണോമിക്സ് ടൈംസ് പത്രമാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. അദാനി ഗ്രൂപ്പും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഊര്‍ജ വിതരണ-ട്രാന്സ്മിഷന് രംഗത്ത് പ്രവര്‍ത്തിക്കുന്ന എ.ഇ.എം.എലിന്റെ ചെറിയ ഓഹരി സ്വന്തമാക്കാനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ശ്രമം. 3,000 മുതല്‍ 4,000 കോടി രൂപ വരെയാണ് ഇതിനായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിക്കുക. 14 വര്‍ഷമായി നിക്ഷേപ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശക്തമായ സ്ഥാപനമായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എ.ഇ.എം.എലിന്റെ ഓഹരി വാങ്ങുന്നതിന് വാണിജ്യലോകത്ത് ഏറെ പ്രാധാന്യമുണ്ട്.
അതേസമയം, ജിയോ ഫൈബറില്‍ 11,200 കോടി രൂപ നിഷേപിക്കാനും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോ പ്ലാറ്റ്ഫോമിലെ ഓഹരി വില്‍പ്പനയിലൂടെ 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ജിയോ ഡിജിറ്റല്‍ ഫൈബര്‍ യൂണിറ്റിന് കീഴിലുള്ള സ്വത്തുക്കളില്‍ നിന്ന് ധനസമ്പാദനം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ സഹകരണ ബന്ധങ്ങളെ സമ്പൂര്‍ണ്ണ സമഗ്ര പങ്കാളിത്തമാക്കി മാറ്റുന്നതിനായി ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം തന്നെ ആരംഭിക്കും. കൂടാതെ വര്‍ഷാവസാനത്തിനുള്ളില്‍ പുതുതായി മൂന്ന് ഇന്ത്യന്‍ സ്കൂളുകള്‍ കൂടി ഖത്തറില്‍ ആരംഭിക്കും. എനര്‍ജി വിതരണക്കാരനായ ഖത്തറുമായി എല്‍എന്‍ജി ഗ്യാസ് ടെര്‍മിനലുകള്‍, നഗരാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജ വിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പടെയുള്ള 60 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഉള്‍ക്കൊള്ളുന്ന ബൃഹത്തായ പദ്ധതിയില്‍ പങ്കാളിയാകാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ടന്നും ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കുന്നു. അതേസമയം, 2022 ലെ ഫിഫ ലോകകപ്പ്, 2030 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് കായിക മേഖലയിലും അനുബന്ധ നിര്‍മാണ രംഗത്തുമെന്ന പോലെ ഹോസ്പിറ്റാലിറ്റി രംഗത്തും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH