News Desk

2021-03-17 05:18:04 pm IST

റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ വെട്ടിക്കുറക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന ആഗോള സാമ്പത്തിക രംഗത്തിന് താങ്ങായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി നിരാകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 

പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇന്ത്യയുടെ ആവശ്യം ഒപെക് നിരാകരിക്കുകയാണുണ്ടായത്. സൗദി അറേബ്യ സ്വന്തം നിലയ്ക്ക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. ഇത് എണ്ണ വില രൂക്ഷമാകാനും കാരണമായി. ഇത്തരമൊരു സാഹചര്യത്തിലാണ് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ മെയ് മാസത്തെ എണ്ണ ഇറക്കുമതിയില്‍ 10.8 ദശലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ റിഫൈനറി ശേഷിയുടെ 60 ശതമാനവും കൈകാര്യം ചെയ്യുന്ന പൊതുമേഖലാ റിഫൈനറികള്‍ നിലവില്‍ മാസത്തില്‍ 14.7 മില്യണ്‍ എണ്ണയാണ് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ 80 ശതമാനത്തിലേറെ എണ്ണയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ചെറിയ രീതിയില്‍ കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന സൗദി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

നിലവില്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. യു.എസാണ് രണ്ടാം സ്ഥാനത്ത്. 2006 ജനുവരിക്ക് ശേഷം സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top