News Desk

2021-05-26 09:41:36 pm IST

ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇസ്രായേലി ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യന്‍ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ സേനക്ക് ലഭ്യമാക്കുന്നത്. 

ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റുഭാഗങ്ങളിലുമുളള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷതയോടെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സേനക്ക് സാധിക്കും.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കാലതാമസമെടുത്തുവെങ്കിലും ഇന്ത്യന്‍ സൈന്യത്തിന് താമസിയാതെ ഡ്രോണുകള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുളള ഹെറോണിനേക്കാള്‍ മികച്ച ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി കഴിഞ്ഞ പതിപ്പിനേക്കാള്‍ വളരെയധികം മികച്ചതാണ്.

മോദി സര്‍ക്കാര്‍ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയ ഡ്രോണുകള്‍ സ്വന്തമാക്കുന്നത്. ഇതുപ്രകാരം തങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനായി പ്രതിരോധമേഖലയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും വാങ്ങാനായി സാധിക്കും.

യു.എസില്‍ നിന്ന് വാങ്ങിയ ചെറുഡ്രോണുകള്‍ സൈന്യത്തിന് ബറ്റാലിയന്‍തലത്തില്‍ നല്‍കും. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഡ്രോണുകള്‍ പ്രത്യേക ലൊക്കേഷനുമായി ബന്ധപ്പെട്ട അവബോധം നേടുന്നതിനായി ഉപയോഗിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top