News Desk

2020-10-29 05:44:43 pm IST
ദോഹ: 2022 ഫിഫ ഖത്തര്‍ ലോകകപ്പ് ഇന്ത്യയിലെ കാണികള്‍ ഏറ്റെടുക്കുമെന്ന് ഖത്തര്‍. ഇന്ത്യയിലെ കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ തരത്തിലാണ് 2022 ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം എന്നതിനാല്‍ ഖത്തര്‍ ലോകകപ്പ് ഇന്ത്യന്‍ ആരാധകരെ ആവേശം കൊളളിക്കുമെന്നതില്‍ സംശയമില്ലായെന്ന് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ ഖാദര്‍ വ്യക്തമാക്കി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് 2022 ലോകകപ്പിനെ ഇന്ത്യയില്‍ വലിയ വിജയമാക്കി മാറ്റുന്നതില്‍ ഇന്ത്യന്‍ കാണികളുടെ പങ്കിനെക്കുറിച്ച് അല്‍ ഖാദര്‍ പറഞ്ഞത്.

2018 ല്‍ റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഇന്ത്യയിലെ മുപ്പതു കോടി ഫുട്ബോള്‍ പ്രേമികളാണ് കണ്ടത്. അതുകൊണ്ട് തന്നെ 2022ല്‍ കാണികളുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ ഖാദര്‍ സൂചിപ്പിച്ചു. എക്കാലത്തേയും മികച്ച ലോകകപ്പായിരിക്കും ഖത്തര്‍ ലോകത്തിന് സമ്മാനിക്കുകയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

2022 നവംബര്‍ 21 നാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് കിക്കോഫ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.00 ന് ആരംഭിച്ച് പുലര്‍ച്ചെ 12.30 നാണ് അവസാനിക്കുന്നത്. രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം വൈകിട്ട് 6.30, രാത്രി 9.30 എന്നിങ്ങനെയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രൈം ടൈമിലാണ് മത്സരങ്ങളെന്നത് കാണികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. 

ഖത്തറിന്റെ കായിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ ക്ലബുകള്‍ക്ക് ഖത്തറിലേക്ക് വരാം. പരിശീലനം, മത്സരം തുടങ്ങിയവയ്ക്കെല്ലാം ഖത്തറിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ഖത്തറിന്റെ ലോകോത്തര കായിക സൗകര്യങ്ങളും മികച്ച ആതിഥേയത്വവും  മികച്ച അനുഭവം തന്നെയാകും ക്ലബ്ബുകള്‍ക്ക് നല്‍കുകയെന്ന് അല്‍ഖാദര്‍ പറഞ്ഞു. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top