മഥുര: മഥുരയിലെ ഗോവര്ദ്ധന് കുന്നുകള്‍ ഓണ്‍ലൈനായി വില്ക്കാന് ശ്രമിച്ച പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ഇന്ത്യ മാര്‍ട്ടിന്റെ സി.ഇ.ഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. ഗോവര്ദ്ധന് കുന്നുകളില്‍ നിന്നെടുത്ത പാറകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തി എന്നാരോപിച്ചാണ് കേസ്.
ഗോവര്ദ്ധന് കുന്നുകളില്‍ നിന്നെടുത്ത പാറകള്‍ പ്രകൃതിദത്തമാണെന്ന് ഇന്ത്യമാര്‍ട്ട് വെബ്സൈറ്റ് അവകാശപ്പെടുകയും അതിന്റെ വില ഒരു കഷണത്തിന് 5,175 രൂപയെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു.
കേശവ് മുഖിയ എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഗോവര്ദ്ധന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതേ വിഷയത്തില്‍ ഒരേ സ്റ്റേഷനില്‍ പത്ത് പരാതികള്‍ ആണ് ലഭിച്ചിട്ടുള്ളതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ അറിയിച്ചു.
വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് മതവികാരം വ്രണപ്പെടുത്തിയതിന് കമ്പനിക്കും സി.ഇ.ഒക്കും വിതരണക്കാരനും എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി ശിരീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 265, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 66 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യ മാര്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ ദിനേശ് അഗര്‍വാള്‍, സഹ സ്ഥാപകന്‍ ബ്രജേഷ് അഗര്‍വാള്‍, വിതരണക്കാരനായ അങ്കുര്‍ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെ ആണ് കേസ്.
'ദൈവത്തെ കച്ചവടച്ചരക്കാക്കാനുള്ള' കമ്പനിയുടെ ശ്രമത്തിനെതിരെ നൂറുകണക്കിന് ആളുകളാണ് ഗോവര്ദ്ധന് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി പ്രതിഷേധം അറിയിച്ചത്.
ഗോവര്ദ്ധന് കുന്ന് ഹിന്ദുമത വിശ്വാസികള്‍ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നവയില്‍ ഒന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങള്‍ക്ക് അടിസ്ഥാനം തന്നെ ഈ കുന്നിന്റെ പശ്ചാത്തലമാണ്. ഇന്ദ്രന്റെ കോപത്തില്‍ നിന്നുണ്ടായ കടുത്ത മഴയില്‍ നിന്ന് മഥുരാ നിവാസികളെ രക്ഷിക്കാന്‍ ശ്രീകൃഷ്ണന് ഗോവര്‍ദ്ധന ഗിരിയെ ചെറുവിരലില്‍ ഉയര്‍ത്തി ഒരുകുട പോലെ സംരക്ഷണം നല്കി എന്നാണ് പുരാണങ്ങള്‍ പറയുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക