News Desk

2022-09-24 04:41:47 pm IST
മനാമ: ബഹ്റൈനിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ഇന്ത്യന്‍ എംബസി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. കൂടാതെ ഹോട്ടല്‍ ബുക്കിങ് കണ്‍ഫര്‍മേഷനോ സ്‍പോണ്‍സറുടെ വിലാസം തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബില്ലോ വാടക കരാറോ പോലുള്ള രേഖകളും വേണം. ഇതോടൊപ്പം സ്‍പോണ്‍സറുടെ കവറിങ് ലെറ്ററും സി.പി.ആര്‍ റീഡര്‍ കോപ്പിയും ഹാജരാക്കണം. താമസ രേഖയ്ക്ക് പുറമെ ബഹ്റൈനില്‍ നിന്ന് തിരികെ പോകാനുള്ള ടിക്കറ്റും സന്ദര്‍ശകരുടെ കൈശമുണ്ടാവണം. ഈ ടിക്കറ്റില്‍ സാധുതതയുള്ള ടിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്. 

ഇലക്ട്രോണിക് വിസയില്‍ വരുന്നവർ ആണെങ്കിൽ ബഹ്റൈനില്‍ ജീവിക്കാനുള്ള പണം അവരുടെ കൈവശം ഉണ്ടായിരിക്കണം. ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡോ അല്ലെങ്കില്‍ പ്രതിദിനം 50 ദിനാര്‍ വീതം കണക്കാക്കിയുള്ള തുകയോ ആണ് ഉണ്ടായിരിക്കേണ്ടത്. 

അതേസമയം വിവിധ വിമാനക്കമ്പനികളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും അതുകൊണ്ട് തന്നെ യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top