News Desk

2021-02-09 11:58:18 am IST
ദുബൈ: യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്ത്. സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ യു.എ.ഇയില്‍ വന്നു കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസിയും കോണ്‍സുലേറ്റും അറിയിച്ചു.

യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായവര്‍ക്ക് വിമാന ടിക്കെറ്റങ്കിലും നല്‍കാന്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാല്‍, നാട്ടില്‍ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരാമെന്നും എംബസി അറിയിച്ചു. 

എത്തേണ്ട രാജ്യത്തിന്റെ യാത്രാ നിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം. സൗദി അനിശ്ചിതകാലത്തേക്കാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്നാണ് സൂചന.

നിലവില്‍ ബഹ്‌റൈന്‍, ഒമാന്‍ മുഖേനയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍, ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ തങ്ങി മാത്രമെ സൗദിയിലേക്ക് പോകാന്‍ സാധിക്കൂ.

അതേസമയം, യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഇന്നലെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറിന് കത്തയച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top