News Desk

2021-05-12 05:46:38 pm IST

ഫ്‌ലോറിഡ: യു.എസിലെ ന്യൂജഴ്‌സിയിലെ വന്‍ ഹിന്ദുക്ഷേത്ര നിര്‍മാണം വിവാദത്തില്‍. ക്ഷേത്ര നിര്‍മാണത്തിനായി ഇന്ത്യയില്‍ നിന്നെത്തിച്ച ദളിത് തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ഇവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയാണെന്നും പുറത്ത് ആരോടെങ്കിലും സംസാരിച്ചാല്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ യു.എസ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയായ ബോചസന്വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സംസ്ഥാ ആണ് ന്യൂ ജേഴ്‌സിയില്‍ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുന്നത്. നിര്‍മാണത്തിനായി ഇന്ത്യയില്‍ നിന്ന് ഇരുനൂറോളം നിര്‍മാണത്തൊഴിലാളികളെയാണ് എത്തിച്ചിട്ടുള്ളത്. 

യു.എസിലെ അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്നും നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നുമാണ് തൊഴിലാളികളുടെ പരാതി. നെവാര്‍ക്കിലെ ജില്ലാ കോടതിയിലാണ് അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് പരാതി നല്‍കിയിട്ടുള്ളത്. 

സംസ്ഥാനത്ത് നല്‍കേണ്ട കുറഞ്ഞ കൂലിയുടെ പത്തിലൊന്നു മാത്രമാണ് ലഭിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ട്രെന്‍ഡണ്‍ നഗരത്തിനടുത്ത് റോബിന്‍സ്വില്ലിയില്‍ നിര്‍മിക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

ആഴ്ചയില്‍ 87 മണിക്കൂര്‍ വരെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിമാസം 450 ഡോളര്‍ മാത്രമാണ് കൂലിയായി നല്‍കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്. മണിക്കൂറില്‍ ലഭിക്കുന്ന ശമ്പളം 1.2 ഡോളര്‍ മാത്രം. ഒരു മണിക്കൂറില്‍ കുറഞ്ഞത് 12 ഡോളര്‍ ശമ്പളം നല്‍കണമെന്നതാണ് ന്യൂ ജഴ്‌സിയിലെ നിയമം. കൂടാതെ ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ ഇതിന്റെ ഒന്നര ഇരട്ടി ശമ്പളം നല്‍കണമെന്നും നിയമമുണ്ട്. 

പുറത്തുള്ള ആരോടെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് ക്ഷേത്ര അധികൃതര്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. പരാതിപ്പെട്ടാല്‍ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും അറസ്റ്റ് ചെയ്ത് ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

അതേസമയം, അപ്പോഴാണ് ഇത്തരം ആരോപണത്തെപ്പറ്റി അറിയുന്നതെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും സംഘടന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്ന ഭൂമി സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പരാതിയില്‍ പറയുന്നത്. 

കല്ലു കാത്താനും മറ്റു നിര്‍മാണജോലികള്‍ക്കുമായി എത്തിച്ച തൊഴിലാളികള്‍ 2012 മുതല്‍ നിര്‍മാണ സ്ഥലത്തു തുടരുകയാണ്. മതില്‍ കെട്ടി തിരിച്ച നിര്‍മാണസ്ഥലത്തു തന്നെയാണ് ഇവര്‍ താമസിക്കുന്നതും. ഒറ്റയ്ക്ക് പുറത്തു പോകാന്‍ പോലും ക്ഷേത്ര അധികൃതര്‍ അനുവദിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top