News Desk

2021-02-06 12:56:04 pm IST

ജക്കാര്‍ത്ത: സ്‌കൂളുകളില്‍ മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ. മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചതില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം. 

'20 ലധികം പ്രവിശ്യകളിലെ സ്‌കൂളുകള്‍ ഇപ്പോഴും അവരുടെ വസ്ത്രധാരണ കോഡില്‍ മതപരമായ വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കുന്നു. അതിനാല്‍ ഈ ഉത്തരവ് ഗുണപരമായ ഒരു നടപടിയാണ്.', ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഗവേഷകനായ ആന്‍ഡ്രിയാസ് ഹര്‍സോനോ പറഞ്ഞു.

''പല പൊതുവിദ്യാലയങ്ങളും പെണ്‍കുട്ടികളും വനിതാ അധ്യാപകരും ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിനു വേണ്ടി ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കല്‍ എന്നിവ നടത്തുന്നുണ്ട്. ചില സമയങ്ങളില്‍ നിര്‍ബന്ധിത രാജിവെപ്പിക്കലും നടക്കുന്നുണ്ട്.', അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഒരു സ്‌കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

വ്യക്തി-മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ഇതര മതസ്ഥരായ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നുണ്ടെന്നും വര്‍ഷങ്ങളായി ഈ രീതി തുടര്‍ന്നുപോകുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിര്‍ബന്ധമല്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യന്‍ വിദ്യാഭ്യാസ മന്ത്രി നദീം മാകരീം അറിയിച്ചു.

നിയമങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്ക് ഫണ്ട് നിര്‍ത്തലാക്കുന്ന നടപടിയടക്കം സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. അതേസമയം, ഇസ്‌ലാമിക നിയമം നടപ്പാക്കുന്ന പ്രത്യേക സ്വയംഭരണ പ്രവിശ്യയായ ആഷെയെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ജനസംഖ്യയുടെ 90 ശതമാനവും മുസ്ലിംങ്ങള്‍ ആണെങ്കിലും ആറു മതങ്ങള്‍ രാജ്യത്തുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള യാഥാസ്ഥിതിക വ്യാഖ്യാനങ്ങള്‍ മതപരമായ അസഹിഷ്ണുതയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന ആശങ്ക അടുത്തിടെ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



Top