News Desk

2021-04-21 06:27:06 pm IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 53 നാവികരുമായി അന്തര്‍വാഹ കാണാതായി. ബുധനാഴ്ചയാണ് കപ്പല്‍ കാണാതായത്. കപ്പലിനു വേണ്ടിയുള്ള തിരച്ചിലിനായി അയല്‍ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇന്തോനേഷ്യ. 

തിരച്ചിലിനായി ഓസ്‌ട്രേലിയയും സിംഗപൂരും സഹായിക്കണമെന്നാണ് ഇന്തോനേഷ്യ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് സൈനിക മേധാവി റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയയും സിംഗപൂരും ഇന്തോനേഷ്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. 

ജര്‍മ്മന്‍ നിര്‍മിത അന്തര്‍വാഹിനി, കെ.ആര്‍.ഐ നംഗാല -402 ആണ് ബാലി ദ്വീപിന് സമീപം സൈനിക അഭ്യാസം നടത്തുന്നതിനിടെ കാണാതായത്. ബാലിയില്‍ നിന്നും 60 മൈല്‍ അകലെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് ഇന്തോനേഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 4.30-നാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടമായതെന്ന് സൈന്യം വ്യക്തമാക്കി.

1978-ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച മുങ്ങിക്കപ്പലാണ് ഇത്. 1,395 ടണ്‍ ഭാരമുണ്ട് ഈ അന്തര്‍വാഹിനിക്ക്. 2012-ല്‍ ദക്ഷണിണ കൊറിയയില്‍ വെച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നാണ് ഇന്തോനേഷ്യന്‍ കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

മുമ്പ് യു.എസ്.എസ്.ആറില്‍ (സോവിയറ്റ് യൂണിയന്‍) നിന്നും 12 അന്തര്‍വാഹിനികള്‍ ഇന്തോനേഷ്യ വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചെണ്ണം മാത്രമാണുള്ളത്. ജര്‍മ്മന്‍ നിര്‍മ്മിതമായ രണ്ടെണ്ണവും ദക്ഷിണ കൊറിയയില്‍ നിന്നും വാങ്ങിയ മൂന്ന് അന്തര്‍വാഹിനികളുമാണ് ഇന്തോനേഷ്യയുടെ പക്കലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top