News Desk

2021-03-07 09:15:52 pm IST
തിരുവനന്തപുരം:അഴിമതിയുടെ വിവരങ്ങള്‍ കൈയ്യിലുണ്ട് എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്ന് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തന്നാല്‍ മതിയെന്നും കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരില്‍ അറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളെ രക്ഷിക്കാനല്ല, ഡോളര്‍ കടത്തുകാരെ രക്ഷിക്കാനായിരുന്നു ലക്ഷ്യം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാല്‍ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യു.ഡി.എഫ് വരുമ്പോള്‍ സോളാര്‍ ആണെങ്കില്‍ എല്‍.ഡി.എഫ് വരുമ്പോള്‍ ഡോളര്‍ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

നാട്ടില്‍ മാറ്റമുണ്ടാക്കു എന്ന ലക്ഷത്തോടെയുള്ള യാത്രയാണ് ഇന്ന് സമാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വയം പര്യാപ്ത കേരളത്തിനായുള്ള തുടക്കം കുറിച്ചു. ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നിന്ന കേരളം എല്‍.ഡി.എഫും യു.ഡി.എഫും ദുരിതാവസ്ഥയിലാക്കി. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ അഴിമതിയ്ക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നു. ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

'പ്രതിയെ മൂന്ന് ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചത് നിങ്ങളാണൊ അല്ലെയോ എന്ന് എന്ന് വ്യക്തമാക്കൂ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നിത്യ സന്ദര്‍ശകയായിരുന്നോ ഡോളര്‍ കടത്ത് കേസിലെ മുഖ്യപ്രതി? വിമാനത്താവളത്തില്‍ കള്ളക്കടന്ന് സ്വര്‍ണം പിടിച്ചപ്പോള്‍ കസ്റ്റംസില്‍ നിങ്ങളുടെ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നോ? ഇഡി യുടെ അന്വേഷണത്തില്‍ ഇത് പുറത്ത് വന്നതല്ലേയെന്നും അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.

മുഖ്യമന്ത്രി വെറുതെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല. രണ്ട് മുന്നണികള്‍ക്കും നാടിനെക്കുറിച്ച് അല്ല വോട്ടിനെക്കുറിച്ചാണ് ചിന്ത. സി.പി.ഐ.എമ്മും കോണ്‍ഗ്രസും വര്‍ഗീയ പാര്‍ട്ടികളുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസിന്റെ നയം ആലോചിച്ചിട്ട് ഒന്നും മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അയ്യപ്പ ഭക്തര്‍ക്കെതിരെ അക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മിണ്ടാതിരുന്നു. ശബരിമല ക്ഷേത്രം അയ്യപ്പ ഭക്തരുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കണം. 70 വര്‍ഷക്കാലം ഈ നാട്ടില്‍ ആരും തിരിഞ്ഞ് നോല്‍ക്കാതിരുന്നവരുടെ ഉന്നമനത്തിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വളര്‍ത്തി. ലോകത്ത് ഇതുവരെ കാണാത്ത വാക്‌സിനേഷന്‍ യജ്ഞമാണ് രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. പ്രളയ നിയന്ത്രണത്തിലും സര്‍ക്കാര്‍ പരാജയമാണ്. കേരളത്തിന് വേണ്ടി നിരവധി വികസന പദ്ധതികള്‍ക്ക് കേന്ദ്രം പണം അനുവദിച്ചു. മുഖ്യമന്ത്രി കേരളത്തിലെ വികസന കണക്ക് പറയാന്‍ കഴിയുമൊയെന്ന് അമിത് ഷാ ചോദിച്ചു. യു.ഡി.എഫ് കാര്‍ അവസരുടെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പറയാനാകുമൊ? ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും പുതിയ കേരളത്തെ സൃഷ്ടിക്കുകയെന്ന് അമിത് ഷാ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top