ബീജിംഗ്: ചൈനയിലെ ഷി ജിന്‍പിങ് ഭരണകൂടം വംശഹത്യക്കിരയാക്കുന്ന ഉയ്ഗൂര്‍ മുസ്ലിംകളെ തുടച്ചുനീക്കാന്‍ നടപ്പാക്കിവരുന്നത് വിവിധ പദ്ധതികള്‍. ഉയ്ഗുറുകളെ ദൂരെയുള്ള നാടുകളിലെ വിവിധ കമ്പനികളില്‍ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്
പട്ടിണി മാറ്റാനെന്ന പേരില്‍ തൊഴില്‍ മേളകള്‍ നടത്തിയാണ് പരമാവധി ആളുകളെ നാടുകടത്തുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ഫാക്ടറികളിലേക്ക് ഉയ്ഗുറുകളെ കൂട്ടമായി എത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2017-നും 2019-നുമിടയില്‍ മാത്രം ഇങ്ങനെ 80,000 ഉയ്ഗൂറുകളെ കൊണ്ടുപോയിട്ടുണ്ട്. ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനാവാത്തതിനാല്‍ തിരികെ നാട്ടിലെത്തലും പ്രയാസമാണ്.
സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കിയ തൊഴിലാളി കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് എല്ലാ കമ്പനികളും ഉയ്ഗൂറുകളെ സ്വീകരിക്കുന്നത്. ഒരു തൊഴിലാളിക്ക് നിശ്ചിത തുകയെന്ന കണക്കില്‍ അധിക ആനുകൂല്യവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കും.
2017 മുതല്‍ 10 ലക്ഷത്തിലേറെ ഉയ്ഗുറുകളെ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളെന്ന പേരില്‍ സിന്‍ജിയാങ്ങിന്റെ പല ഭാഗങ്ങളില്‍ തടവറകളിലാക്കിയിരുന്നു. ഇതിനു പുറമെയാണ് ഗ്രാമങ്ങളില്‍ നേരിട്ടെത്തി ഉയ്ഗുറുകളെ തൊഴിലിന്റെ പേരില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെക്ക് നിര്‍ബന്ധിതമായി അയക്കുന്നത്.
ഒമ്പത് ചൈനീസ് പ്രവിശ്യകളിലെ 27 ഫാക്ടറികളില്‍ ഉയ്ഗുറുകളെ നിര്‍ബന്ധിത തൊഴിലാളികളായി നിലനിര്‍ത്തുന്നതായി ആസ്ട്രേലിയന്‍ സ്ട്രറ്റീജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക