News Desk

2021-12-03 10:42:25 pm IST
ലഖ്നൗ: പുതിയ റോഡ് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്യാനായിരുന്നു എം.എല്‍.എയുടെ ശ്രമം. എന്നാല്‍ തേങ്ങയ്ക്ക് പകരം പൊട്ടിയതോ റോഡും. ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം.

1.16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് തേങ്ങയുടച്ചപ്പോള്‍ പൊളിഞ്ഞിളകിയത്. ബി.ജെ.പി. എം.എല്‍.എ. സുചി മൗസം ചൗധരിയായിരുന്നു റോഡ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. 

റോഡ് പൊളിഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എ റോഡിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ അവര്‍ അവിടെ കാത്തുനിന്നു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റോഡ് നിര്‍മാണത്തില്‍ അപാകമുണ്ടെന്ന് താന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിന് നിലവാരമില്ലായിരുന്നു. ഉദ്ഘാടനം ഉപേക്ഷിച്ചെന്നും വിഷയം ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു. 

ജില്ലാ മജിസ്ട്രേട്ട് മൂന്നംഗ സംഘത്തെ രൂപവത്കരിച്ചെന്നും റോഡില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top