News Desk

2021-02-08 06:52:57 pm IST
റിയാദ്: കൊവിഡ് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ നടപ്പാക്കണോ എന്നത് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണല്‍ തലാല്‍ അല്‍ ഷല്‍ഹോബ് പറഞ്ഞു. ആവശ്യം വന്നാല്‍ അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 70 ശതമാനം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ സര്‍ക്കാരും ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ള അധികാരികളും നിശ്ചയിച്ച ചട്ടങ്ങളും കരുതല്‍ നടപടികളും അവഗണിക്കുന്നതാണ് കേസുകളുടെ വര്‍ധനവിന് ഇടയാക്കുന്നത്. നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി പങ്കിടുന്നവര്‍ക്ക് ഒരു ദശലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്നും നിയമലംഘകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ നടപടികളോട് പൊതുജനം സ്വീകരിച്ച സമീപനത്തിന്റെ പ്രശ്നമാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. 

സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കൊവിഡ് കൈകാര്യം ചെയ്യുന്നതിനും ഈ നിലയില്‍ പുരോഗതി കൈവരിക്കുന്നതിനും പിന്നില്‍ കഠിനാധ്വാനമുണ്ടെന്നും രാജ്യത്തിന്റെ വിശാലതക്കനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലേക്ക് എത്താന്‍ സഹകരണം ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top