News Desk

2021-05-16 03:43:03 pm IST
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്കുകള്‍ നാളെ പിന്‍വലിക്കും. രാജ്യത്തിന്റെ കര, കടല്‍, വ്യോമ യാത്ര നിയന്ത്രണങ്ങള്‍ നാളെ പുലര്‍ച്ചെ ഒരു മണിയോടെ സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണം. കൊവിഡ് രോഗം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവരും ഇക്കാര്യം തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണം. 18 വയസില്‍ താഴെ പ്രായമുള്ളവര്‍. ഇവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. 

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കൊവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര യാത്രാവിലക്ക് നീക്കുമ്പോള്‍ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നോ, നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് നാളെ മുതല്‍ സാധാരണ നിലക്കുള്ള യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ (ഹോട്ടല്‍ താമസം) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ മാസം 20 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top