News Desk

2021-02-07 04:51:29 pm IST
കാലിഫോര്‍ണിയ: ആപ്പിള്‍  കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 12 മിനിയുടെ ഉല്‍പാദനം യഥാക്രമം നിര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ സ്‌ക്രീന്‍ സൈസ് കുറഞ്ഞ ഒരു ഐഫോണ്‍ മോഡല്‍ ഇറക്കുമെന്ന സൂചന ലഭിച്ചതോടെ ഉപയോക്താക്കള്‍ വലിയ പ്രതീക്ഷയിലായിരുന്നു. വിപണിയിലുള്ള ഫ്‌ലാഗ്ഷിപ്പ് ഫോണുകളെല്ലാം കൈയ്യിലൊതുങ്ങാത്ത വലിപ്പമായതിനാല്‍ എല്ലാ പ്രീമിയം ഫീച്ചറുകളുമടങ്ങിയ ഒരു കോംപാക്ട് ഫോണ്‍ നേടുക എന്നായിരുന്നു മിക്കവരുടെയും ആഗ്രഹം. 

അവസാനം കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 12 മിനി എന്ന മോഡല്‍ ഇറക്കി ആപ്പിള്‍ അതിന് പരിഹാരമുണ്ടാക്കി. 5.4 ഇഞ്ചാണ് ആപ്പിള്‍ 12 മിനിയുടെ വലിപ്പം. പുതിയ ബോക്‌സി ഡിസൈനും കൂടി ചേര്‍ന്നതോടെ ഫോണ്‍ മൊത്തത്തില്‍ അടിപൊളിയായി.

ഐഫോണ്‍ 12, 12 പ്രോ, 12 പ്രോ മാക്‌സ് എന്നീ ഫോണുകള്‍ക്കൊപ്പം ഐഫോണ്‍ 12 മിനിയും വിപണിയിലെത്തി. തുടക്കത്തില്‍ മികച്ച ശ്രദ്ധ നേടിയെടുക്കാന്‍ മിനിക്ക് സാധിച്ചിന്നു. എന്നാല്‍ ക്രമേണ മറ്റ് മോഡലുകള്‍ മാര്‍ക്കറ്റില്‍ പെട്ടെന്ന് വിറ്റുപോയെങ്കിലും 12 മിനിക്ക് മാത്രം ആവശ്യക്കാര്‍ കുറഞ്ഞു. 

മറ്റ് മോഡലുകളെ അപേക്ഷിച്ച് വിലകുറവാണെന്ന ഗുണവും ആപ്പിളിനെ സഹായിച്ചില്ല. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നായി ഐഫോണ്‍ 12 മിനി മാറി. ആകെ ആറ് ശതമാനം മാത്രമാണ് 12 മിനി വിറ്റഴിക്കാന്‍ സാധിച്ചത്.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഉല്‍പാദനം യഥാക്രമം 9, 11 ദശലക്ഷമായി കുറയുമെന്ന് ജെ.പി മോര്‍ഗന്‍ ചേസ് അവരുടെ ഏറ്റവും പുതിയ പ്രവചനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഫോണ്‍ 12 മിനിയുടെ മാര്‍ക്കറ്റ് ഡിമാന്റ് ദുര്‍ബലമാണെന്നും ആഗോള വില്‍പ്പന വളരെ കുറവാണെന്നും ജെ.പി മോര്‍ഗന്‍ ചേസിന്റെ അനലിസ്റ്റ് വില്യം യംഗും സ്ഥിരീകരിച്ചു. 

2021-ന്റെ രണ്ടാം പാദത്തില്‍ ആപ്പിള്‍ ഐഫോണ്‍ 12 മിനിയുടെ ഉല്‍പാദനം നിര്‍ത്തലാക്കുമെന്നും വിശകലന വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഐഫോണ്‍ 12 പ്രോ മാക്സിന്റെ വില്‍പ്പന പ്രവചനം 11 ദശലക്ഷം യൂണിറ്റായി ഉയരുമെന്നും അവര്‍ പറഞ്ഞു.

ഇതോടെ ഐഫോണിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുന്ന ഫ്‌ലാഗ്ഷിപ്പായി ഐഫോണ്‍ 12 മിനി മാറും. മറുവശത്ത്, ആപ്പിള്‍ ഈ വര്‍ഷം പുതിയ ശ്രേണിയില്‍ മറ്റൊരു ചെറിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചെറിയ ഫോണുകള്‍ക്കുള്ള പോരായ്മയായ ബാറ്ററി ലൈഫ് പോലുള്ള ചില കാര്യങ്ങള്‍ ശരിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top