News Desk

2021-11-17 11:23:04 pm IST

ന്യൂഡല്‍ഹി: പ്രമുഖ യൂട്യൂബറും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ കെന്‍ പില്ലനലിന്റെ കൈയ്യിലുള്ള ആപ്പിള്‍ ഐഫോണ്‍ എക്‌സ് വിറ്റുപോയത് 63,96,895 രൂപയ്ക്ക്. ലോഞ്ച് ചെയ്ത സമയത്ത് 89,999 രൂപയുണ്ടായിരുന്ന ഐഫോണ്‍ എക്‌സ് ഇപ്പോള്‍ 50000 രൂപയ്ക്ക് താഴെ പല സൈറ്റുകളിലും വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍, കെന്നിന്റെ കൈയിലുള്ള ഫോണിന് 64 ലക്ഷം രൂപയോളമാണ് കിട്ടിയത്. അതിന് കാരണവുമുണ്ട്.

സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റോബോട്ടിക് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ കെന്‍ പില്ലനല്‍ തന്റെ ഐഫോണ്‍ എക്‌സില്‍ മാറ്റം വരുത്തിയാണ് വില്‍പ്പനയ്ക്ക് വെച്ചത്. ആപ്പിള്‍ ആരാധകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന യു.എസ്.ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് തന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് ഐഫോണ്‍ എക്‌സില്‍ സ്ഥാപികുകയാണ് കെന്‍ പില്ലനല്‍ ചെയ്തത്.

ഏറെ നാളത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഫോണിലുണ്ടായിരുന്ന ലൈറ്റ്‌നിങ് പോര്‍ട്ട് മാറ്റി അവിടെ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് സ്ഥാപിച്ചത്. അതുപയോഗിച്ച് വിജയകരമായി ചാര്‍ജിങ്ങും ഡാറ്റാ കൈമാറ്റവും നടത്തുകയും ചെയ്തു അദ്ദേഹം. തന്റെ പരീക്ഷണ വിജയം യൂട്യൂബിലൂടെ പുറം ലോകത്തെത്തിക്കുകയും ചെയ്തു.

വിഡിയോ വൈറലായതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഇ-ബേയില്‍ ഐഫോണ്‍ എക്‌സ് ലേലത്തില്‍ വെച്ചു. കെന്നിനെ പോലും ഞെട്ടിച്ചുകൊണ്ട് ഫോണിന് ആവശ്യക്കാരായി നൂറുകണക്കിന് പേരാണ് എത്തിയത്. പ്രാരംഭ വിലയില്‍ നിന്ന് കുതിച്ച് ഒടുവില്‍ 80,000 ഡോളറും കടന്നുപോയി. അവസാനം 86,001 ഡോളറിന് ഒരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ അത് 64 ലക്ഷത്തോളം വരും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
iPhone X
Top