2020-01-09 02:33:51pm IST
ഇറാന്റെ മുന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധം പശ്ചിമേഷ്യയില്‍ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ചെറുതൊന്നുമല്ല. വാക്കു കൊണ്ടും ആയുധങ്ങള്‍ കൊണ്ടും പ്രകോപിപ്പിച്ചും ആക്രമിച്ചും ഇറാനും അമേരിക്കയും ലോകത്തെ യുദ്ധഭീതിയില്‍ നിര്‍ത്തുന്നു. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

സഹകരണത്തിന്റെ ചുരുക്കം ചില ഹ്രസ്വവേളകള്‍ ഒഴിച്ചാല്‍ ഇറാനും അമേരിക്കയും തമ്മില്‍ എന്നും സംഘര്‍ഷങ്ങള്‍ മാത്രമാണ്. ആദ്യത്തെ പ്രകോപനം അമേരിക്കയുടെ ഭാഗത്തുനിന്നായിരുന്നു. അതിനുകാരണം 1953 -ല്‍ ഇറാനില്‍ നടന്ന പട്ടാള അട്ടിമറിശ്രമമാണ്.

1953ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ മുഹമ്മദ് മുസാദിഖ് ഇറാനില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ മുസാദിഖിനെ യു.എസ്-ബ്രിട്ടീഷ് ചാരസംഘടനകള്‍ ചേര്‍ന്ന് അട്ടിമറിച്ചു. ഇറാനിയന്‍ എണ്ണവിപണിയിലെ നിര്‍ണായക ശക്തികളായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണക്കമ്പനികള്‍. ഇവയെ ദേശസാത്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനമാണ് അട്ടിമറിക്ക് പ്രധാനകാരണമായത്. മുസാദിഖിന് പിന്നാലെ മുഹമ്മദ് റെഷ ഷാ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് റെസ പഹ്‌ലവി അധികാരത്തിലെത്തി. അമേരിക്കയുമായി പഹ്‌ലവിക്ക് അടുപ്പമുണ്ടായിരുന്നു. 

1957 ല്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ചുള്ള ഒരു സഹകരണകരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡൈ്വറ്റ് ഐസന്‍ഹോവറാണ് അമേരിക്കയുടെ പക്കല്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ആണവസാങ്കേതികവിദ്യ ഇറാന്‍ അടക്കമുള്ള പല രാജ്യങ്ങള്‍ക്കും കൈമാറിയത്. 

1963 ല്‍ സൈനിക അട്ടിമറിക്കുശേഷം അധികാരത്തിലെത്തിയ ഇറാനിലെ മുഹമ്മദ് റെഷ ഷാ സര്‍ക്കാറിനെ അമേരിക്ക രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും സഹായിച്ചു. ഇതിന്റെ ഫലമായി അറുപതുകളിലും എഴുപതുകളിലും ഇറാന്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചു. തുടര്‍ന്ന് അമേരിക്ക ഇറാന് ആയുധങ്ങള്‍ നല്‍കി. 1977ല്‍ മുഹമ്മദ് റെഷ ഷാ ഭരണകൂടത്തിനെതിരെ ജനകീയ സമരം രൂപപ്പെട്ടു. ഒടുവില്‍ ഭരണകൂടത്തിനെതിരായ വിപ്ലവത്തിലേക്ക് അത് നയിച്ചു.

1979 ഏപ്രില്‍ ഒന്നിന് ജനഹിതപരിശോധനയുടെ ഫലമായി ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നിലവില്‍വന്നു. ഇതിനു പിന്നാലെയാണ് യു.എസും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നത്. 

1979ല്‍ യു.എസ്. ആദ്യമായി ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇതേവര്‍ഷം തന്നെ നവംബര്‍ മാസത്തില്‍ യു.എസ് എംബസി ഇറാന്‍ ഉപരോധിച്ചു. എംബസിയിലെ ഉദ്യോഗസ്ഥരെ 444 ദിവസം ബന്ദികളാക്കി. ബന്ദികളെ മോചിപ്പിക്കാന്‍ യു.എസ് നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആദ്യമായി അമേരിക്ക ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നത്. 1200 കോടി ഡോളറിന്റെ ഇറാനിയന്‍ സ്വത്തുക്കളും കാര്‍ട്ടര്‍ മരവിപ്പിച്ചു. 

അതിനിടെയാണ് 1980-ല്‍ ഇറാനിലെ രാഷ്ട്രീയ അസ്ഥിരതകള്‍ മുതലെടുക്കാന്‍ ഉദ്ദേശിച്ച് ഇറാഖ് ഇറാനെ ആക്രമിക്കുന്നത്. ഇറാന്‍ ഇറാഖിനെ കീഴടക്കി പശ്ചിമേഷ്യയില്‍ അധീശത്വം സ്ഥാപിക്കുമോ എന്ന് ഭയന്ന് അമേരിക്ക ഇറാഖിനെ യുദ്ധത്തിന് വേണ്ട സാങ്കേതിക സഹായങ്ങളും പടക്കോപ്പുകളും മറ്റും നല്‍കി സഹായിച്ചു. യുദ്ധത്തില്‍ ഇറാഖ് ഇറാനെതിരെ രാസായുധം പ്രയോഗിച്ചു. 

1988 ജൂലൈ മൂന്നിന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ യുദ്ധക്കപ്പലായ വിന്‍സന്‍സ് മിസൈല്‍ ഉപയോഗിച്ചു ഇറാന്റെ എയര്‍ ഫ്ളൈറ്റ് 655 തകര്‍ത്തിടുന്നു. ഇറാനില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്കു പോയ 290 യാത്രക്കാരും ആ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. പോര്‍വിമാനം എന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചിട്ടത് എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇതേ സമയത്താണ് ഇറാന്‍-ഇറാഖ് യുദ്ധം അവസാനിക്കുന്നതും.

തൊണ്ണൂറുകളില്‍ തുടര്‍ച്ചയായ ഉപരോധങ്ങള്‍ അമേരിക്ക ഇറാനുമേല്‍ ചുമത്തി. 1997ല്‍ പുരോഗമനവാദിയായ മുഹമ്മദ് ഖതാമി പ്രസിഡന്റായപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബന്ധങ്ങള്‍ മെച്ചപ്പെട്ടേക്കാം എന്നുള്ള പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 2001-ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതോടെ വീണ്ടും ബന്ധങ്ങള്‍ വഷളായി. ഇക്കാലത്താണ് ഇറാനില്‍ സമ്പുഷ്ട യുറേനിയം കണ്ടെത്തുന്നത്. 

2013ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ടെലഫോണ്‍ സംഭാഷണം നടത്തി. 1979നു ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റും ഇറാന്‍ നേതാവും ഫോണില്‍ സംസാരിക്കുന്നത് അന്ന് ആദ്യമായായിരുന്നു. ശേഷം ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാറില്‍ ഒപ്പുവെച്ചു. ഉപരോധങ്ങളില്‍ അയവ് വരുകയും ചെയ്തു. എന്നാല്‍ 2017ല്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തു.

ഇതിനൊക്കെ ശേഷമാണ് ലോകം തന്നെ ഞെട്ടിയ നടപടിയിലേയ്ക്ക് അമേരിക്ക നീങ്ങിയത്. 2020 ജനുവരി മൂന്നിന് ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ ഇറാഖില്‍ വെച്ച് കൊലപ്പെടുത്തി. 

2020 ജനുവരി ഏഴിന് സുലൈമാനിയുടെ ശവസംസ്‌കാരച്ചടങ്ങിനിടെ, പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പ്രഖ്യാപിച്ചു. അമേരിക്കന്‍ സൈനികരെ ഭീകരവാദികളെന്നും പെന്റഗണിനെ ഭീകരകേന്ദ്രമെന്നും ഇറാന്‍ പ്രഖ്യാപിച്ചു.

2020 ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യു.എസ് സൈനിക ക്യാമ്പുകള്‍ക്കു നേരെ ഇറാന്റെ ആക്രമണമുണ്ടായി. എന്നാല്ട തിരിച്ചടിക്കുമേ എന്ന് അമേരിക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ഇംപീച്ച്‌മെന്റ് നേരിടുന്ന ട്രംപിനെ സംബന്ധിച്ചേടത്തോളം ശക്തമായ ഒരു അടയാളപ്പെടുത്തലിനായി ഊഴം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഉന്നം പാര്‍ത്തിരുന്ന അമേരിക്കക്ക് ലഭിച്ച ഏറ്റവും യോജിച്ച അവസരം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതായിരുന്നു ഖാസിം സുലൈമാനിയുടെ കൊലപാതകമെന്ന് അന്താരാഷ്ട്ര 
നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 

ഇറാന്‍ പ്രതികാര നടപടികള്‍ അവസാനിപ്പിച്ചിട്ടില്ല എന്ന സൂചനകള്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നല്‍കുന്നുണ്ട്. 'അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാല് തന്നെ ഞങ്ങള്‍ ഛേദിക്കും' എന്നാണ് റൂഹാനി പറഞ്ഞത്. 

കഴിഞ്ഞ കുറേ മാസങ്ങളായി പശ്ചിമേഷ്യയിലെ തങ്ങളുടേ സ്വധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇറാന്‍. എണ്ണക്കയറ്റുമതിക്കുള്ള അമേരിക്കന്‍ ഉപരോധത്തില്‍ അയവ് വരുത്താനുള്ള പോരാട്ടമായിരുന്നു ഇറാന്‍ നടത്തിയിരുന്നത്. ഇറാഖിലൂടെ അതു സാധ്യമാക്കാനും ഇറാന്‍ പദ്ധതികള്‍ മെനഞ്ഞിരുന്നു. സൗദിക്ക് നേരെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, ഗള്‍ഫില്‍ എണ്ണ ടാങ്കറിനു നേരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

ഇറാന്റെ ഭാഗത്തുനിന്നും സൈനിക ഇടപെടലുണ്ടായാല്‍ അമേരിക്ക- ഇസ്രായേല്‍- സൗദി കൂട്ടുകെട്ടായിരിക്കും ഇറാനെ നേരിടുക. അങ്ങനെ വരുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇറാനെ സഹായിക്കേണ്ടതായും വരൂം. ബാഹ്യശക്തികള്‍ തമ്മിലുള്ള വടം വലിയില്‍ ഇറാഖ് വീണ്ടും അസ്ഥിരമാകും. അന്താരാഷ്ട്ര സമൂഹം വേണ്ടരീതിയില്‍ ഇടപെടാതിരുന്നാല്‍ മൂന്നാം ലോകയുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. 
Top