ടെഹ്റാന്: രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ആണവ കരാറില്‍ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്. യൂറോപ്യന്‍ യൂണിയന് നേതാക്കളോടാണ് ടെഹ്റാന് ഇക്കാര്യം വ്യക്തമാക്കിയത്.
റോയ്ട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചിരുന്നു. ഇറാന് ആണവായുധം നിര്‍മ്മിക്കുന്നത് നിര്‍ത്തിവെക്കുന്നതിന് അനുസരിച്ച് ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കുമെന്നും ബൈഡന് അറിയിച്ചിരുന്നു.
എന്നാല്‍ ഇരു വിഭാഗവും യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ അവരവരുടെ നിലപാട് ആദ്യം നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
അതേസമയം, പുതിയ സാഹചര്യത്തില്‍ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബൈഡന് ഭരണകൂടം അറിയിച്ചു.
2015ല്‍ ലോക രാജ്യങ്ങളുമായി രൂപപ്പെടുത്തിയ ആണവ കരാറില്‍ നിന്ന് 2018ല്‍ അമേരിക്ക പിന്മാറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്പ്പെടുത്തുതും ചെയ്തിരുന്നു.
ഇതോടെ യുറേനിയം സമ്പുഷ്ടീകരണ തോത് ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഇറാനും തീരുമാനിച്ചു. സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൈഡന് ഭരണകൂടവും ഇറാനുമായി ആണവ കരാര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് വേദിയൊരുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തു വന്നത്.
ഉപരോധം പിന്‍വലിച്ച് ഇറാനുമായി ചര്‍ച്ച നടത്താന്‍ ബൈഡന് ഭരണകൂടം തയ്യാറാകില്ലെന്നാണ് സൂചന. സിറിയയില്‍ ഇറാന് പിന്തുണയുള്ള മിലീഷ്യകള്‍ക്കെതിരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി.
ആണവ കരാര്‍ ഏതു വിധേനയും നിലനിര്‍ത്താന്‍ ഇറാനുമായി ഇനിയും ചര്‍ച്ച തുടരുമെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചു. അതേസമയം, ഇറാന് വിഷയത്തില്‍ അമേരിക്ക എന്തുനിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക