News Desk

2021-02-01 05:01:34 pm IST

ടെഹ്റാന്‍: 2015-ലെ ആണവ കരാറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനോ പുതിയ പങ്കാളികളെ ഉള്‍പ്പെടുത്താനോ തയ്യാറല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ബഹുമുഖ അന്താരാഷ്ട്ര കരാറാണ് ആണവ കരാര്‍ എന്നും ഇത് വിലപേശാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കരാറിലെ കക്ഷികളെ മാറ്റാന്‍ കഴിയില്ലെന്നും സയീദ് ഖതിബ്‌സാദെ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 

2015-ലെ ആണവ കരാറിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകളില്‍ സൗദി അറേബ്യയെ ഉള്‍പ്പെടുത്തണമെന്ന് വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങളെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്നതിലെ തെറ്റ് ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ടെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. 

'ആണവ കരാറിനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ വളരെ കര്‍ശനമായിരിക്കണം. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നതിനുള്ള സമയം വളരെ ചെറുതാണ്.', മാക്രോണ്‍ പറഞ്ഞു. 

ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയോട് പ്രതികരിച്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാക്രോണ്‍ ആത്മനിയന്ത്രണം കാണിക്കണമെന്ന് പറഞ്ഞു.

'പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവര്‍ അവരുടെ നയങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുന്നതാണ് നല്ലത്. ഫ്രഞ്ച് ആയുധങ്ങളും മറ്റ് പാശ്ചാത്യ ആയുധങ്ങളും ആയിരക്കണക്കിന് യെമനികളുടെ കൂട്ടക്കൊലയ്ക്ക് മാത്രമല്ല, പ്രാദേശിക അസ്ഥിരതയ്ക്കും പ്രധാന കാരണമാണ്.', സയീദ് ഖതിബ്‌സാദെ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top