News Desk

2021-02-15 08:02:12 pm IST
ടെഹ്‌റാന്‍: സിറിയയിലെ 'റെഡ് ലൈന്‍' മറികടക്കരുതെന്ന് ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അലി അസ്ഗര്‍ ഖാജി. ഇറാന്റെ പിന്തുണയുള്ള സിറിയയിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്നത് ശത്രുതാപരമായ അടിച്ചമര്‍ത്തലുകളാണെന്നും ഫലസ്തീന്‍ ജനതയ്ക്കെതിരെ മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ ഇത് പ്രയോഗിക്കുന്നുവെന്നും ഖാജി പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ തീവ്രവാദത്തിനെതിരെ പോരാടുമ്പോള്‍ ഇസ്രായേല്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിറിയയിലെ ഇറാന്റെ സാന്നിധ്യത്തിന്റെ ലക്ഷ്യം ദെയ്ഷിനെയും തീവ്രവാദ ഗ്രൂപ്പുകളെയും നേരിടുക എന്നതാണ്, എന്നാല്‍ ഇസ്രായേല്‍ റെഡ് ലൈനുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ അതിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാന്‍ സൈന്യം സിറിയയില്‍ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഇറാന്റെ പദ്ധതികളെക്കുറിച്ച് ഖാജി പറഞ്ഞു. 

സിറിയന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് തങ്ങളുടെ സാന്നിധ്യം മേഖലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍, സിറിയന്‍ പ്രദേശത്തെ 40 തവണ ലക്ഷ്യമിട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 200 ലധികം ഇറാനിയന്‍ സൈനികരും സഖ്യസേനയും സിറിയന്‍ ഭരണകൂടത്തിലെ അംഗങ്ങളും നേരത്തെ കൊല്ലപ്പെട്ടിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top