ടെഹ്റാന്: പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന് മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. റഷ്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംശയമുള്ള നാല് പേര്‍ക്കായി ഇറാന് പൊലീസ് തിരച്ചില്‍ നടത്തുകയും രാജ്യത്തുടനീളം ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഹോട്ടലുകളിലും മറ്റും ചിത്രങ്ങള്‍ വിതരണം ചെയ്ത അധികൃതര്‍ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കാന്‍ മാനേജര്‍മാര്‍ക്കും ഉടമസ്ഥര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍ ആണ് മൊഹ്സിന്റെ കൊപാതകത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. അതേസമയം, ഇതേ കുറിച്ച് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സിന്‍ ഫക്രിസാദെ. ഇറാന് തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിന്‍ കൊല്ലപ്പെട്ടത്. മൊഹ്സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ