News Desk

2021-04-07 04:53:55 pm IST
ടെഹ്‌റാന്‍: യെമനിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ചെങ്കടലില്‍ നങ്കൂരമിട്ട ഇറാന്റെ ചരക്കുകപ്പലിന് നേരെ ആക്രമണം. അര്‍ധസൈനിക വിപ്ലവ ഗാര്‍ഡിന്റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന 'എംവി സാവിസ്' കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. 

പ്രാദേശിക സമയം രാവിലെ ആറു മണിയോടെ ചെങ്കടലില്‍ ജിബൂട്ടി തീരത്തോട് ചേര്‍ന്നാണ് എം.വി സാവിസിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിനു പിന്നില്‍ ഇസ്രായേലാണെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈനികേതര കപ്പലാണ് സാവിസ്. ചെങ്കടലിലെ ഇറാന്റെ ''ലോജിസ്റ്റിക് സ്റ്റേഷനായി'' പ്രവര്‍ത്തിക്കുന്ന കപ്പല്‍ കടല്‍ക്കൊള്ള വിരുദ്ധ സേവനങ്ങള്‍ നല്‍കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

ആക്രമണത്തില്‍ മരണങ്ങള്‍ ഒന്നും സംഭാവിച്ചിട്ടില്ലെന്നും ആക്രമണത്തിന്റെ ഉത്ഭവത്തെ കുറിച്ച് സാങ്കേതിക വിലയിരുത്തലുകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനും മറ്റു രാജ്യങ്ങളും ആണവ കരാര്‍ ചര്‍ച്ച പുനരാരംഭിച്ച ചൊവ്വാഴ്ചയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാവിസ് കപ്പലിനു മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

യെമന്‍ തീരത്ത് കപ്പലിന്റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഈ കപ്പല്‍ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.

എന്നാല്‍, ചെങ്കടലിനും ബാബുല്‍ മന്‍ദബ് കടലിടുക്കിനുമിടയില്‍ കടല്‍ക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ് കപ്പല്‍ നങ്കൂരമിട്ടതെന്നാണ് ഇറാന്റെ പ്രതികരണം. സര്‍ക്കാറിനു കീഴിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാവിസ് കപ്പല്‍ 2016-ലാണ് ചെങ്കടലിലെത്തിയത്.

ഈ കപ്പലില്‍ ഇടവിട്ട് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2015 വരെ കപ്പലിനെതിരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നതോടെയാണ് ഇളവ് ലഭിച്ചത്. എന്നാല്‍, ട്രംപ് ഭരണകാലത്ത് കപ്പല്‍ വീണ്ടും ഉപരോധ പരിധിയിലായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top