News Desk

2021-01-31 05:17:29 pm IST
കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന വേദന സാധാരണമാണ്. വാക്സിനോടുള്ള ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി പലരിലും പൊതുവായി കാണപ്പെട്ട ഒരു പാര്‍ശ്വഫലമാണ് കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന.

കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന വേദന പലര്‍ക്കും അസഹയനീയമായി തോന്നുന്നുണ്ട്. വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ പലരും വേദനസംഹാരികളെ ആശ്രയിക്കാറാണ് പതിവ്.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ഉടനെ വേദന സംഹാരി കഴിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്‍ജെസിക്സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്സിന്റെ ശരീരത്തിലെ പ്രതിപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ സാധാരണ ഗതിയില്‍ കുത്തിവയ്പ്പെടുത്ത് 2-3 ദിവസത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറിയ പനി, പേശീ വേദന, തലകറക്കം, തലവേദന, കുളിര്, ശരീര വേദന തുടങ്ങിയവയാണ് കുത്തിവയ്പ്പെടുത്ത സ്ഥലത്തെ വേദന കൂടാതെ വാക്സീന്‍ എടുത്തവര്‍ക്ക് വരാവുന്ന പാര്‍ശ്വഫലങ്ങള്‍. 

ഒന്നുകില്‍ ഇത്ര ദിവസം കാത്തിരിക്കുകയോ അല്ലെങ്കില്‍ വേദന കുറയ്ക്കാന്‍ മരുന്നല്ലാത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുകയോ ആണ് കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മുന്നിലുള്ള പരിഹാരം. 

പനിയാണെങ്കില്‍ നനഞ്ഞ തുണിയോ മറ്റോ നനച്ചിട്ട് അത് നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കാം. ചിറ്റമൃത് ജ്യൂസ് പോലുള്ള പൊടിക്കൈകളും പരീക്ഷിക്കാം. പേശീ വേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആവശ്യത്തിന് വിശ്രമം സഹായിക്കും. 

ധാരാളമായി പാനീയങ്ങള്‍ കുടിക്കുന്നതും സമ്മര്‍ദമകറ്റാന്‍ സഹായിക്കും. വ്യായാമം, കൈകള്‍ ചലിപ്പിക്കല്‍, കുത്തിവയ്പ്പ് മൂലം വീര്‍ത്ത ഭാഗം തണുപ്പിക്കുക തുടങ്ങിയവയും സഹായകമാകും. ഇവ കൊണ്ടൊന്നും വേദനയും പാര്‍ശ്വഫലങ്ങളും തടയാനായില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കാവുന്നതുമാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top