News Desk

2022-01-15 05:36:54 pm IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് (41) സാധ്യതയേറുന്നു. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നിലവിലെ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ മദ്യസത്കാരങ്ങള്‍ നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന്, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ബോറിസിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. 

ബ്രിട്ടനില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രിയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനക് നോര്‍ത്ത് യോര്‍ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്. ഇദ്ദേഹം തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി ആയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടെയാണ്. മാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടിയാണ് ഋഷി. 2015 ലാണ് ഇദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. 

സുനക് കഴിഞ്ഞാല്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസിനും കാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവിനും സാധ്യതയുണ്ട്. ഇവരെ കൂടാതെ, മുന്‍ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്, ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍, പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നിവരും പട്ടികയിലുണ്ട്. ജോണ്‍സണന്റെ നയങ്ങളുടെ ശക്തമായ പിന്തുണ നല്‍കിയിരുന് വക്താവായിരുന്നു സുനക് എങ്കിലും കൊവിഡ് ചട്ടലംഘനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുമ്പോള്‍ സുനക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അടുത്തിടെയാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്റെ സംസ്‌കാരച്ചടങ്ങിന്റെ തലേന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാര്‍ ഡോണിങ് സ്ട്രീറ്റില്‍ മദ്യസത്കാരം നടത്തിയെന്ന് വിവരം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞയാഴ്ച ജോണ്‍സണ്‍ ക്ഷമാപണം നടത്തിയിരുന്നു. 

എന്നാല്‍, ഈ സമയത്ത് ഹൗസ് ഓഫ് കോമണ്‍സ് ചേംബറില്‍ സുനക് ഉണ്ടായിരുന്നില്ല. ബോറിസ് ജോണ്‍സണെതിരെ അന്വേഷണം നടന്നു വരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രിയ്ക്ക് രാജിവയ്ക്കേണ്ടി വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top