Article Desk

സാന്ദ്ര ആചാര്യ

2020-05-05 04:16:39 pm IST
ഈ കൊവിഡ് കാലത്തും മുഖ്യധാരാ സമൂഹത്തില്‍ നിന്നും അനുദിനം അന്യവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇസ്ലാം സമൂഹം. ലോകമാസകലം പല രീതിയില്‍ പല തോതില്‍ അത് നടക്കുന്നുമുണ്ട്. ഇസ്ലാമോഫോബിയ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ അന്യവത്കരണം ഇത് ആദ്യമായല്ല. പക്ഷെ കൊവിഡ് പശ്ചാത്തലത്തില്‍ ഇസ്ലാമാഫോബിയക്ക് പ്രാധാന്യം ഏറുകയാണ്. ഈ കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിച്ചു കണ്ടത് മുസ്ലീം വിരുദ്ധ പ്രചരണങ്ങളാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായിരുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്നു പറയുന്ന ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസ് പള്ളിയെയും അവിടെ സംഘടിപ്പിക്കപ്പെട്ട തബ്ലീഗ്ജമാഅത്ത് സമ്മേളനങ്ങളെയും അതുവഴി തബ്ലീഗ്ജമാഅത്തിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിരന്തരം കാണാനാവുന്നത്.

ഈ സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ ആളാണ് ഷാര്‍ജ രാജകുടുബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ ഷെയ്ഖ ഹിന്ത് ഫൈസല്‍ അല്‍ഖാസിമി. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് യു.എ.ഇയില്‍ പ്രവേശനമില്ലെന്ന് താന്‍ പരസ്യമായി തന്നെ പറഞ്ഞാല്‍ ഇന്ത്യക്കാരുടെ പ്രതികരണം എന്താകുമെന്നാണ് ഖാസിമിയുടെ ചോദ്യം. ലോകം ഒരു കുടുംബമാണെന്ന ഇന്ത്യന്‍ സംസ്‌കാരത്തെ പിന്തുണച്ചവര്‍ രാജ്യത്ത് നിലവില്‍ നടക്കുന്ന മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഖാസിമി നടത്തിയ പ്രതികരണത്തിന് തൊട്ടു പിന്നാലെ ഇവര്‍ക്ക് കനത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. വിദ്വേഷവും ഇസ്ലാമോഫോബിയ പരത്തുന്നതുമായ കമന്റുകളുമായാണ് ഖാസിമിയെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ നേരിട്ടത്. യു.എ.ഇയും ഇന്ത്യയിലും തമ്മിലുള്ളത്  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധമാണ്. പക്ഷേ അതിനെയെല്ലാം വളരെ വേഗം ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഒരു അറബിനെയോ മുസ്ലീമിനെയോ ഒരു ഇന്ത്യക്കാരന്‍ ആക്രമിച്ച സംഭവം താന്‍ ഇതിനു മുമ്പ് കേട്ടിട്ടില്ലെന്ന് ഖാസിമി പറയുന്നു. കാരണം ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പാരമ്പര്യത്തില്‍ സാഹോദര്യം മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. ഇന്ന് ചില ഇന്ത്യക്കാര്‍ തന്നെ സഹോദരങ്ങളായ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നു. ഇതൊരിക്കലും ഇന്ത്യക്കാരുടെ രീതിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഖാസിമി വ്യക്തമാക്കി. കുറച്ചു കൂട്ടര്‍ ചെയ്യുന്ന ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും പ്രതിശ്ചായക്കാണ് മങ്ങലേല്‍പ്പിക്കുന്നത്. മാത്രമല്ല, ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന അനേകലക്ഷം ഇന്ത്യന്‍ പ്രവാസികളുടെ ജീവിത സ്വപ്‌നങ്ങള്‍ക്കും ഇത് പ്രത്യാഘാതം കുറിക്കും.  

തബ്‌ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായ സാഹചര്യത്തില്‍ യു.എ.ഇയിയെ വിമര്‍ശിച്ചും ഒരാള്‍ രംഗത്തെത്തിയിരുന്നു. കടുത്ത വിദ്വേഷം വിതറിയ ഇയാളുടെ ട്വീറ്റ് രാജകുടുംബാംഗം തന്നെ ഷെയര്‍ ചെയ്ത് ഇത്തരക്കാര്‍ക്ക് നാടുവിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറും അടക്കം രംഗത്തെത്തിയിരുന്നു. വിവേചനം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരാണെന്നും യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇത് ഓര്‍ത്തിരിക്കണമെന്നുമായിരുന്നു അംബാസഡര്‍ അറിയിച്ചത്. ഇതേ വിഷയത്തില്‍ തന്നെയാണ് ഇപ്പോള്‍ ഖാസിമിയും പ്രതികരിക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ഖാസിമി പറഞ്ഞു വെക്കുന്നത്. 

വംശം, മതം, നിറം, ജാതി, ഭാഷ, അതിര്‍ത്തി എന്നിവ നോക്കിയല്ല കൊവിഡ് മഹാമാരി ബാധിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. വൈറസ് എല്ലാ ആളുകളേയും ഒരുപോലെയാകും ബാധിക്കുകയെന്നും അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പ്രസ്തുത പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ രാജ്യത്തെ മുസ്ലീം വിരുദ്ധത തടയുന്നതില്‍ നാണം കെട്ട പരാജയമാണ് മോദി സര്‍ക്കാരിനുള്ളതെന്ന് ശശീ തരൂര്‍ വിമര്‍ശിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുന്നതില്‍ വളരെ പിന്നിലാണെന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും  ഇസ്ലാമോഫോബിയ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടും മോദി അതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയില്‍ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ നടമാടുമ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെയുള്ള ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വിദേശിയരുടെ ശ്രമങ്ങള്‍ക്കെതിരെ കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും, ഇന്ത്യയ്ക്ക് എല്ലാവിധ സഹകരണവും ഉറപ്പു നല്‍കുകയും ചെയ്തു. അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള സൗഹ്യദാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കുവൈത്ത് രംഗത്തു വന്നത് ശ്രദ്ധേയമായിരുന്നു. കുവൈത്ത് സര്‍ക്കാരിന്റെ ഇടപെടലിനു പിന്നാലെയാണ് മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയത്. 

എന്നാല്‍ ഇവിടെ ശ്രദ്ധേയമായൊരു കാര്യം പറയാതെ വയ്യ, രാജ്യത്തിന്റെ നേതൃത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയില്‍ നിന്ന് വരെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഉണ്ടായത് നമ്മള്‍ മറന്നിട്ടില്ല. മുസ്ലീം വ്യാപാരികളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന പരാമര്‍ശമാണ് കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ കേട്ടത്. ഇതിനും അഞ്ച് വര്‍ഷങ്ങള്‍ക്കും മുമ്പ് അറബ് സ്ത്രീകള്‍ക്കു നേരെ വംശീയ അധിക്ഷേപവും അങ്ങേയറ്റം അപമാനകരമായ മുസ്ലീം വിരുദ്ധ പരാമര്‍ശവും നടത്തിയ ബി.ജെ.പി എംപിയെയും ആരും മറന്നു കാണില്ല. സൈബര്‍ ആക്രമണങ്ങള്‍ മാത്രമല്ല. പൊതു സ്ഥലങ്ങളില്‍ പോലും മുസ്ലീം സമൂഹം പരസ്യമായി ആക്രമിക്കപ്പെടുന്നു.  

എന്നാല്‍ ഇപ്പോള്‍ സാഹചര്യം കുറച്ചൊക്കെ മാറിയിട്ടുണ്ട്. വ്യാജവാര്‍ത്തകളും വിദ്വേഷ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പല മുഖ്യമന്ത്രിമാരും, പ്രത്യേകിച്ച് ആന്ധ്ര, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാര്‍ സമൂഹത്തെ വര്‍ഗീയമായി വിഘടിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം, ഈ അവസരം മുതലെടുത്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചു പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ക്യാമ്പയിനുകള്‍ ശക്തമാക്കി. ട്വിറ്ററും മറ്റ് സാമൂഹിക മാധ്യമങ്ങളും കേന്ദ്രീകരിച്ചാണ് ഇന്ത്യയെ കരിവാരിത്തേക്കാന്‍ പാക് നേതൃത്വത്തിലുള്ള ചില ഏജന്‍സികള്‍ ഗള്‍ഫില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എഴുനൂറോളം വ്യാജ അക്കൗണ്ടുകള്‍ പാക് ഫണ്ടിങ്ങോടെ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഇന്ത്യയിലെ മുസ്ലിം വിരുദ്ധമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളെ പര്‍വ്വതീകരിക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ഗള്‍ഫിലെ ചില പാക് വംശജരും ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഇസ്ലാം സമൂഹത്തെ അപമാനിക്കുന്നതിനും വിദ്വേഷ പ്രചരണം നടത്തുന്നതിനുമെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത നിയമ നടപടികളാണ് നടപ്പാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെ അപമാനിച്ചതിന് യു.എ.ഇയില്‍ പ്രവാസികള്‍ക്കെതിരെ കഴിഞ്ഞ ദിവസം അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ദുബൈയില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇസ്ലാമിനെതിരെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു ആഗോള അടിയന്തരാവസ്ഥയുടെ വര്‍ത്തമാന സാഹചര്യത്തില്‍ പരമാവധി ഐക്യമാണ് വേണ്ടത്. എന്നാല്‍ വര്‍ഗീയ ശക്തികളും ഒരു വിഭാഗം മാധ്യമങ്ങളും  കൊറോണക്കാലത്ത് ഐക്യത്തെ തുരങ്കം വെക്കുന്നതില്‍ ആക്ഷേപാര്‍ഹമായ പങ്കാണ് വഹിക്കുന്നത്. പക്ഷെ ഇന്ത്യന്‍ ഭരണഘടനയും ഭരണഘടന മുന്നോട്ടു വെക്കുന്ന മതനിരപേക്ഷ മൂല്യങ്ങളും കൈമോശം വരുത്താതെ ഇപ്പോഴും പിന്തുടരുന്ന ഭൂരിഭാഗം ജനതയാണ് ഇവിടെ ഉള്ളത് എന്നതിന്റെ തെളിവാണ് രാജ്യം കണ്ട സി.എ.എ പ്രതിഷേധങ്ങള്‍. ഈ ജനതക്കറിയാം സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നത് ആരെന്ന്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും സ്വന്തം വിശ്വാസങ്ങളെ പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതേസമയം, ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ച് അന്യവത്കരണം നടത്തുന്ന വര്‍ഗീയ ശക്തികളെ നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. കുറഞ്ഞ പക്ഷം നമ്മള്‍ മലയാളികളെങ്കിലും അത് തിരിച്ചറിയണം.

Top