News Desk

2021-02-18 11:14:50 pm IST
മസ്‌കത്ത്: കമ്പനികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ജീവനക്കാര്‍ക്കുള്ള താമസ സ്ഥലങ്ങള്‍ നിശ്ചിത മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസൊലേഷന്‍ സംവിധാനമൊരുക്കുന്നതിനായി ഉപയോഗിക്കാമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. 

ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള ടോയ്‌ലെറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നല്‍കുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്‌പോസിബിള്‍ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്. 

ഐസൊലേഷനില്‍ ഉള്ളയാളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ സൗകര്യമേര്‍പ്പെടുത്തണം. ജീവനക്കാരെ വിമാനത്താവളത്തില്‍ നിന്ന് കമ്പനിയുടെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കമ്പനി ചെലവില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കുകയും വേണം. 

രണ്ടാമത് പി.സി.ആര്‍ പരിശോധന നടത്താനും ബ്രേസ്‌ലെറ്റുകള്‍ നീക്കം ചെയ്യാനും കമ്പനിയുടെ ഐസോലേഷന്‍ സ്ഥലത്ത് സൗകര്യമൊരുക്കണം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം. 

ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഐസോലേഷന് വേണ്ടി ഉപയോഗിക്കാവുന്ന മുറികളെക്കുറിച്ചും അവയുടെ ശേഷിയെ കുറിച്ചും ധാരണയുണ്ടാകണം. 

മുറികളും പരിസരവും വൃത്തിയുള്ള അന്തരീക്ഷമായിരിക്കണം. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ശരിയായ രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

ഐസോലേഷനില്‍ ഇരിക്കുന്നവര്‍ക്ക് ഏതെങ്കിലും അടിയന്തിര ചികില്‍സ ആവശ്യമുള്ള പക്ഷം ആശുപത്രിയില്‍ എത്തിക്കാന്‍ സൗകര്യം വേണം. 

ഇതിന് സ്വകാര്യ ആരോഗ്യ സ്ഥാപനവുമായി ധാരണയിലെത്തുന്നതിന് ഒപ്പം പ്രത്യേക വാഹനം സജ്ജീകരിക്കുകയും വേണം. മാസ്‌ക്, രോഗാണുനാശിനികള്‍, ശുചീകരണ വസ്തുക്കള്‍, ആക്കഹോള്‍ സ്‌റ്റെറിലൈസറുകള്‍ എന്നിവ താമസ സ്ഥലത്ത് സജ്ജമാക്കണം. 

ഇ-മുഷ്‌രിഫ് കമ്പനിയില്‍ നിന്നുള്ള ഉപകരണം (റസീദ്) സ്വന്തം ചെലവില്‍ സ്ഥാപിക്കണം. ഐസോലേഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം റിസപ്ഷന്‍ ഡെസ്‌ക് സ്ഥാപിക്കണം. ഐസോലേഷന്‍ കേന്ദ്രത്തിന്റെ പ്രത്യേക കവാടത്തില്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിക്കണം.

കമ്പനിയുടെ സ്ഥലം ഐസോലേഷനായി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ ഗവര്‍ണറേറ്റിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ റിലീഫ് ആന്റ് ഷെല്‍റ്റര്‍ വിഭാഗം സൂപ്പര്‍വൈസര്‍ക്കാണ് നല്‍കേണ്ടത്. 

റോയല്‍ ഒമാന്‍ പൊലീസ്, മെഡിക്കല്‍ റെസ്‌പോണ്‍സ് സെക്ടര്‍, പബ്ലിക് ഹെല്‍ത്ത്, റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗം പ്രതിനിധികള്‍ അടങ്ങിയ ടെക്‌നികല്‍ വര്‍ക്ക് സംഘം ഫീല്‍ഡ് പരിശോധന നടത്തിയ ശേഷമാണ് അനുമതി നല്‍കുക. 

സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഒപ്പം പ്രവേശ കവാടങ്ങളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കുകയും വേണം. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ റെസിഡന്റ് കാര്‍ഡും കമ്പനിയുടെ ഐസോലേഷന്‍ കേന്ദ്രത്തിലാണ് താമസിക്കാന്‍ പോകുന്നതെന്ന കത്തും നല്‍കുകയും വേണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top