News Desk

2021-06-22 04:59:47 pm IST
ടെല്‍ അവീവ്: ഗസ്സ മുനമ്പില്‍നിന്ന് താല്‍കാലിക കയറ്റുമതിക്ക് അനുമതി നല്‍കി പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണമവസാനിപ്പിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഉപാധികളോടെ താല്‍കാലിക അനുമതി നല്‍കിയത്. 

ഇതോടെ 40 ദിവസത്തിനിടെ ആദ്യമായി 11 ട്രക്ക് വസ്ത്രങ്ങള്‍ കറം അബൂസാലിം അതിര്‍ത്തി കടന്നു. പച്ചക്കറി കയറ്റുമതിക്ക് കഴിഞ്ഞ ഞായറാഴ്ച അനുമതി നല്‍കിയിരുന്നു. ഗസ്സയില്‍ നിന്നുള്ള കത്തുകളുടെ സേവനവും പുനരാരംഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകളും മറ്റു അനുബന്ധ രേഖകളും രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ സേവനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും മറ്റുള്ളവ മുടങ്ങിക്കിടക്കുകയാണ്. അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് പെപ്‌സി ബോട്ട്‌ലിങ് പ്ലാന്റ് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനം നിര്‍ത്തി. അസംസ്‌കൃത വസ്തുക്കളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സിറപ് എന്നിവ ലഭിക്കാത്തതാണ് പെപ്‌സി പൂട്ടാനിടയാക്കിയത്.

നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് ഇനിയും അനുമതി നല്‍കിയിട്ടില്ല. മത്സ്യ കയറ്റുമതിക്കും അനുമതി നല്‍കിയിട്ടില്ല. നേരത്തെ 37 മൈല്‍ അകലെ വരെ മത്സ്യബന്ധനം അനുവദിച്ചിരുന്നത് 11 കിലോമീറ്ററായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും ചെന്ന് ചികിത്സ തേടുന്ന ഫലസ്തീനികളുടെ എണ്ണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top