News Desk

2021-06-06 08:21:57 pm IST

ജറുസലേം: അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫലസ്തീന്‍ വനിതാ സമര നേതാവിനെയും ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അധിനിവേഷ കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റായില്‍ ഫലസ്തീനികളെ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മുന അല്‍ കുര്‍ദിനെയാണ് അറസ്റ്റു ചെയ്തത്.

23-കാരിയായ മുന അല്‍ കുര്‍ദിനെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പൊലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീല്‍ അല്‍ കുര്‍ദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പുറമെ അവരുടെ ഇരട്ട സഹോദരനായ മുഹമ്മദിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി പൊലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്. പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയതിനാലാണ് ശൈഖ് ജര്‍റാ സമരത്തിന്റെ മുഖമായി മാറിയ മുന അല്‍ കുര്‍ദിനെ ഇസ്രായേല്‍ പിടികൂടിയതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ശൈഖ് ജര്‍റായിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തത്. ആഗോള പ്രതിഷേധങ്ങളെ തുടര്‍ന്ന് പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷം ബുദൈരിയെ വിട്ടയച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top