News Desk

2021-05-12 12:57:09 pm IST

ടെല്‍ അവീവ്: ഫലസ്തീനില്‍ മസ്ജിദുല്‍ അഖ്‌സയിലും ജറുസലേമിലും ഗാസ മുനമ്പിലും തുടരുന്ന ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ഇസ്രായേല്‍. എറിസ് ചെക് പോയിന്റ് വഴി ഫലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സിവിലിയന്‍മാര്‍ക്ക് ഫലസ്തീന്‍ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ഏക ചെക് പോയിന്റാണ് എറിസ്.

മസ്ജിദുല്‍ അഖ്‌സയിലും ജറുസലേമിലും നടത്തുന്ന പൊലീസ് ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയിലും വ്യോമാക്രമണം ആരംഭിച്ചത്. വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 12 കുട്ടികളും ഉള്‍പ്പെടുന്നു. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

2014-നു ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മിസൈല്‍ ആക്രമണത്തിലൂടെ ഗാസയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായും ഇസ്രായേല്‍ തകര്‍ത്തു.

അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപനങ്ങള്‍, ഡെന്റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്. ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവര്‍ത്തിച്ച 13 നില കെട്ടിടവും ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ഹെബ്രോണില്‍ ഫലസ്തീനികള്‍ താമസിച്ചുവന്ന അല്‍ഫവാര്‍ അഭയാര്‍ഥി ക്യാമ്പും ഇസ്രായേല്‍ തകര്‍ത്തു. അതേസമയം, ഹമാസ് ഇസ്രായേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, ജറുസലേമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700-ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top