News Desk

2021-03-12 09:22:54 pm IST

ടെല്‍അവീവ്: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സിറിയയിലേക്ക് എണ്ണ കൊണ്ടുവന്ന 12 കപ്പലുകള്‍ക്കുനേരെ ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചതായി വെളിപ്പെടുത്തല്‍. യു.എസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നേരിട്ട് ബോംബുവര്‍ഷം നടത്തുന്നതിന് പകരം ജല കുഴിബോംബുകള്‍ സ്ഥാപിച്ചും മറ്റുമാണ് കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടവയിലേറെയും.

സിറിയയില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി തവണ ബോംബാക്രമണങ്ങള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കടലിലും ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും തിരിച്ചറിഞ്ഞ് ഇസ്രായേല്‍ ആക്രമണം നടത്തി. എണ്ണ കടത്ത് ഇറാന് സാമ്പത്തിക ലാഭം നല്‍കുമെന്ന് കണ്ടായിരുന്നു ആക്രമണം. കപ്പലുകള്‍ തകര്‍ന്നില്ലെങ്കിലും തിരിച്ചുപോകാന്‍ നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്തിടെ ഇസ്രായേല്‍ ടാങ്കര്‍ ഹെലിയോസ് റേ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിക്കുകയും ചെയ്തു. ആരോപണം ഇറാന്‍ നിഷേധിച്ചു. സമാനമായി, സിറിയയിലേക്കുള്ള യാത്രാ മധ്യേ ഇറാന്‍ ടാങ്കറില്‍നിന്ന് ഒഴുകിയ എണ്ണ ഇസ്രായേല്‍ തീരത്ത് അടിഞ്ഞുകൂടിയിരുന്നു. ഇത് ബോധപൂര്‍വം ഒഴുക്കിക്കളഞ്ഞതാണെന്നായിരുന്നു ഇസ്രായേല്‍ ആരോപണം. എന്നാല്‍, നേരത്തെ നടന്ന ആക്രമണങ്ങള്‍ക്കു സമാനമായ നീക്കത്തില്‍ എണ്ണ ഒഴുകിയതാണോയെന്നും വ്യക്തമല്ല.

ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം തുടര്‍ക്കഥയാണ്. ഏറ്റവുമൊടുവില്‍ ഇറാനിലെ മുന്‍നിര ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത് ഇസ്രായേല്‍ ആക്രമണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യു.എസുമായി സഹകരിച്ചാണ് മിക്കപ്പോഴും ഇസ്രായേല്‍ മേഖലയില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പൂര്‍ണമായി ഇസ്രായേല്‍ നീക്കങ്ങളെ പിന്തുണച്ചപ്പോള്‍ പുതുതായി അധികാരമേറ്റ ബൈഡന്‍ എത്രകണ്ട് പിന്തുണക്കുമെന്ന ആശങ്ക ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top