News Desk

2021-04-18 06:21:59 pm IST

ജറുസലേം: വാക്‌സിനേഷന്റെ ഭാഗമായി കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന ചട്ടം എടുത്തു നീക്കി ഇസ്രായേല്‍. രാജ്യത്ത് 54 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 

93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് സര്‍ക്കാര്‍ നല്‍കുന്നത്. പുതിയ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇസ്രായേല്‍ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

അതേസമയം, കെട്ടിടങ്ങള്‍ക്കു പുറത്തു മാത്രമാണ് മാസ്‌ക് ഒഴിവാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഹാളുകള്‍ക്കുള്ളില്‍ നടക്കുന്ന പരിപാടികളില്‍ ഇപ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. നഴ്‌സറി ക്ലാസുകള്‍ ഉള്‍പ്പെടെ സ്‌കൂളുകളും പൂര്‍ണമായി പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

ക്ലാസ് മുറികളില്‍ വായൂസഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ക്ലാസുകളുടെ ഇടവേളകളിലും ക്ലാസിനിടയിലും പരമാവധി സാമൂഹിക അകലം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top