News Desk

2021-03-24 05:13:17 pm IST
ടെല്‍ അവീവ്: ഭരണം നിലനിര്‍ത്താന്‍ കഷ്ടപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലപ്രഖ്യാപനം 90 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡ് പാര്‍ട്ടി 59 സീറ്റുളാണ് നേടിയത്. ഇതോടെ കേവല ഭൂരിപക്ഷം നേടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നെതന്യാഹുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. 

പരാജയ ഭീതിയെ തുടര്‍ന്ന് അടവുമാറ്റിയിരിക്കുകയാണ് അദ്ദേഹം. മറ്റ് പാര്‍ട്ടികള്‍ സഖ്യം രൂപീകരിക്കാന്‍ തന്നോടൊപ്പം ചേരണമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, വീണ്ടും അധികാരത്തിലെത്താന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് കഷ്ടപ്പെടേണ്ടി വരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇസ്രായേല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നേരിടുന്നത്.

2009 മുതല്‍ ഇസ്രായേലില്‍ അധികാരം നിലനിര്‍ത്തുന്ന നെതന്യാഹു അതിന് മുമ്പും മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്നു. നെതന്യാഹുവിനും അദ്ദേഹത്തിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനും കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം കേവല ഭൂരിപക്ഷം നേടുകയോ പ്രതിപക്ഷത്തെ കക്ഷികളെ കൂടെ കൂട്ടുകയോ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രേയേല്‍ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് വീണ്ടും എത്തുമെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

Top