News Desk

2021-05-18 12:33:00 pm IST

ഗസ്സ: ഗസ്സയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രായേല്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഗസ്സ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമാക്രമണം ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രായേലിന്റെ നീക്കം. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ വലിയ ഇന്ധന ക്ഷാമവും വൈദ്യുതി ക്ഷാമവും നേരിടുകയാണ് ഗസ്സ.

അതേസമയം, ഖത്തറില്‍ നിന്ന് ഗസ്സയിലേക്കുള്ള ഇന്ധന കയറ്റുമതിക്ക് ഇസ്രായേല്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയിലെ വൈദ്യുതി വിതരണ കമ്പനിയില്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ധനം തീര്‍ന്നുപോകാനിടയുണ്ട്. 

ഗസ്സ മുനമ്പിനും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലും ഗസ്സ-ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കും ഇടയിലുള്ള കെറം ഷാലോം ക്രോസിങ് അവസാനിപ്പിച്ചതിനാല്‍ ഗസ്സയിലെ പല വീടുകളും വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ് എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ 200-ലധികം ആളുകള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കകം 212 പേര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ 61 കുട്ടികള്‍ ഉള്‍പ്പെടുന്നു. 1500 ലധികം ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

അതേസമയം, ആക്രമണങ്ങള്‍ ഫലസ്തീനിയന്‍ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മരിച്ചവരില്‍ കൂടുതലും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ യുഎസ് അംബാസഡര്‍ പറഞ്ഞു. സംഘര്‍ഷത്തിന് തീവ്രത കൂടിയതോടെ ഗസ്സ ഇതുവരെ ഇസ്രയേലിന് നേരെ പ്രയോഗിച്ചത് 3000 റോക്കറ്റുകളാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top