News Desk

2021-05-21 03:04:12 pm IST

ഗസ്സ: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 

ഈജിപ്ത് മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിര്‍ത്തുകയാണെന്ന് ഹമാസും ഇസ്‌ലാമിക് ജിഹാദും പ്രഖ്യാപിച്ചു. 

വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയില്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കുകയും മോസ്‌ക്കുകളില്‍ നിന്ന് ചെറുത്ത് നില്‍പിന്റെ വിജയമെന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്തു. 

ബുധനാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ വിളിച്ച് അടിയന്തരമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഇസ്രായേല്‍ പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ചയും ആക്രമണം നടന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. 

ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 65 കുട്ടികളുള്‍പ്പെടെ 230 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1710 പേര്‍ക്ക് പരിക്കറ്റു. അതേസമയം, ഹമാസ് കേന്ദ്രങ്ങളില്‍ കനത്ത നാശം വിതക്കാനായതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, വെടിനിര്‍ത്തല്‍ ഹമാസ് നേടിയ വിജയമാണെന്ന് ഹമാസ് വക്താവ് അലി ബാറക പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ അതിവേഗം പുനരുദ്ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014-നു ശേഷം ഗസ്സക്കു മേല്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ 200-ഓളം കെട്ടിട സമുച്ചയങ്ങളും നൂറുകണക്കിന് വീടുകളും തകര്‍ന്നിരുന്നു. ശതകോടികളുടെ നഷ്ടം ഉണ്ടായതായി കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top