News Desk

2021-05-20 11:00:48 am IST

ഗസ്സ: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടും ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ബുധനാഴ്ച ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങള്‍ തകര്‍ത്തു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 227 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 കുട്ടികളും 38 സ്ത്രീകളും ഇതിലുള്‍പ്പെടും.

ആക്രമണം ആരംഭിച്ചതിന് 10-ാം ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവുമായി സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇസ്രായേലിനെ പിന്തുണച്ചതില്‍ രാജ്യത്തും അന്താരാഷ്ട്ര തലത്തിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ബൈഡന്‍ ഭരണകൂടം ബുധനാഴ്ചയാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. 

നെതന്യാഹുവും ബൈഡനും ഗസ്സയിലെ സംഭവങ്ങളും ഹമാസിന്റെയും മറ്റു തീവ്രവാദി സംഘടനകളുടെയും ശേഷി നിര്‍വീര്യമാക്കുന്നതിലെ പുരോഗതിയും ഒപ്പം മേഖലയിലെ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളും വിശദമായി ചര്‍ച്ച നടത്തിയതായി വൈറ്റ്ഹൗസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ബൈഡനുമായുള്ള സംഭാഷണത്തിനു ശേഷം നെതന്യാഹു പ്രതികരിച്ചത്. ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നതിനായുള്ള നയതന്ത്ര ഇടപെടലുകളും വിജയം കണ്ടില്ല. 

അതേസമയം, ഇസ്രായേലിന്റെ അയല്‍രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും ആയി ചേര്‍ന്ന് വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്താനായി ശ്രമങ്ങള്‍ തുടരുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഇതിന് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top