News Desk

2021-05-14 05:34:14 pm IST

ഗാസ: ഫലസ്തീനെതിരെയുള്ള ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് ഇസ്രായേലിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്.

ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രായേല്‍, അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രായേല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്രായേല്‍ രണ്ട് ദിവസമായി നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം നൂറ് കടന്നു. 113 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊല്ലപ്പെട്ടവരില്‍ 31 പേര്‍ കുട്ടികളാണ്. 621 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഫലസ്തീനിലെ ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ വെള്ളിയാഴ്ചയും ആക്രമണം ശക്തമായി തുടരുകയാണ്. ടാങ്കുകളുമായി അതിര്‍ത്തികളില്‍ കരസേന നിലയുറപ്പിച്ചിട്ടുണ്ട്. ഏതു നിമിഷവും കരയാക്രമണം ആരംഭിക്കുമെന്നാണ് സൂചന.

20 ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്രായേല്‍ ആക്രമണം കനപ്പിച്ചത് ജനജീവിതം ദുരിതമയമാക്കിയിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മരിച്ച സ്ത്രീയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ വ്രതം കഴിഞ്ഞ് പെരുന്നാള്‍ ദിനത്തിലും ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര ജൂത ഗ്രൂപ്പുകളും ഫലസ്തീനികള്‍ക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജറൂസലേം ഉള്‍പെപടെ അറബികളും ഇസ്രായേലികളും ഒന്നിച്ചുതാമസിക്കുന്ന പ്രദേശങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആഹ്വാനത്തിന്റെ തുടര്‍ച്ചയായി സംഘടിത ആക്രമണം.

2014-ന് ശേഷം ഇസ്രായേല്‍ ഫലസ്തീനും ഏറ്റവും രൂക്ഷമായ ആക്രമണത്തിലേക്കെത്തുന്നത് ഇപ്പോഴാണ്. കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങളും തുടര്‍ന്ന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളുമാണ് വ്യോമാക്രമണങ്ങള്‍ക്ക് വഴിവെച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top