ടെല്‍ അവീവ്: ഇസ്രായേലില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. രണ്ട് വര്‍ഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. 12 വര്‍ഷമായി പ്രധാനമന്ത്രിയായുള്ള ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തില്‍ തുടരണമോ വേണ്ടയോ എന്ന് ഇന്നു തീരുമാനമാകും.
ഇതിനിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വോട്ടവകാശമുള്ളവരുടെ പേരുകള്‍, ഐ.ഡി നമ്പര്‍, പോളിങ് ബൂത്ത് അടക്കമുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തി പുറത്തുവിട്ടത്.
വോട്ടവകാശമുള്ള 65 ലക്ഷം ഇസ്രായേലികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 250 മെഗാബൈറ്റ് സ്പ്രെഡ്സ്ഷീറ്റും 60 ലക്ഷം പേരുടെ പേരും മേല്‍വിലാസവും ഐ.ഡി നമ്പരും മറ്റ് വിവരങ്ങളും ആണ് ചോര്‍ന്നത്.
രാഷ്ട്രീയപാര്‍ട്ടികള്‍ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് ഡാറ്റകള്‍ ചോര്‍ത്തിയതെന്ന് ഹാക്കര്‍മാര്‍ പറയുന്നു. അധികൃതര്‍ ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നില്ലെന്ന് തെളിഞ്ഞു.
രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഡേറ്റകള്‍ ചോര്‍ത്തുന്നത് തടയാന്‍ സര്‍ക്കാറിന് സാധിക്കാത്തതെന്നും ഹാക്കര്‍മാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ചോര്‍ന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് വഴിവെച്ചു.
അതേസമയം, അറബ് ലോകവുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതും വിജയകരമായ കൊവിഡ് പ്രതിരോധവും നെതന്യാഹുവിന് അനുകൂല ഘടകങ്ങളാവും. അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ എതിരാളികളും ശക്തമായി രംഗത്തുണ്ട്.
അഭിപ്രായ വോട്ടെടുപ്പുകളില്‍ മുന്നില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയാണെങ്കിലും തനിച്ചു ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.
മുന്‍ ധനമന്ത്രിയും ടിവി അവതാരകനുമായ യയിര്‍ ലപിദിന്റെ (57) നേതൃത്വത്തിലുള്ള യെഷ അറ്റിഡ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണു പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിലായിരുന്നു ലപിദ്.
2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്സുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറിന് രൂപം നല്‍കുകയായിരുന്നു.
ആദ്യത്തെ ഒന്നര വര്‍ഷം നെതന്യാഹുവും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ബെന്നി ഗാന്റ്സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാര്‍. ഇത് പ്രകാരം 2021 നവംബറില്‍ ബെന്നി ഗാന്റ്സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക