News Desk

2020-02-17 06:25:32 pm IST

ജെറുസലേം: ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്. ഹമാസാണ് സൈനികരുടെ ഫോണുകള്‍ ഹാക്ക് ചെയ്തത് എന്നാണ് വിവരം. 

ഹമാസിന്റെ ഹാക്കിങ് ശ്രമം നടന്നതായി സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം ഫോണുകളില്‍നിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയെന്നും അറിയിച്ചു. 

ഇത് മൂന്നാംതവണയാണ് ഹമാസ് ഇസ്രായേല്‍ സൈനികരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ലെഫ്. കേണല്‍ ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.
 
യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായി പ്രത്യേക ലിങ്ക് വഴി മാല്‍വെയറുകള്‍ കടത്തിവിട്ടാണ് ഫോണുകള്‍ ഹാക്ക് ചെയ്തിരുന്നത്. ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളും അടക്കം എല്ലാവിവരങ്ങളും ചോര്‍ത്തിയെടുക്കാം. ഫോണിന്റെ ഉടമ അറിയാതെ ചിത്രങ്ങളെടുക്കാനും റെക്കോഡിങ് നടത്താനും സാധിക്കും. 

ഇതിനായി ഹമാസിന്റെ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്ന യുവതികളുടെ ചിത്രങ്ങളും ഇസ്രായേല്‍ പ്രതിരോധ വിഭാഗം പുറത്തുവിട്ടു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതായും അതിനാല്‍ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. 

സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് അടുത്തിടെയും ഇസ്രായേല്‍ സൈന്യം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു നിര്‍ദേശം. 

Top