News Desk

2021-02-12 10:44:48 pm IST
ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പിനുള്ള ഇന്ത്യന്‍ ബദലൊരുക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. നാവിഗേഷന്‍ ദാതാവായ മാപ്പ് മൈ ഇന്ത്യയുമായി ചേര്‍ന്നാണ് ആത്മനിര്‍ഭറിലേക്കുള്ള ശ്രമം. മാപ്പിംഗ് പോര്‍ട്ടലുകള്‍, ആപ്പുകള്‍, ജിയോ സ്‌പേഷ്യല്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിവയും ഇതില്‍ നിര്‍മ്മിക്കും. നിലവില്‍ വഴിയറിയാത്ത ഏതു നാട്ടിലൂടെയും പോകാനുള്ള വഴികാട്ടി എന്നാണു ഗൂഗിള്‍ മാപ്പിന് ഉപയോക്താക്കള്‍ നല്‍കുന്ന വിശേഷണം. ഇത് ഒഴിവാക്കാനാണ് ഈ പരിശ്രമം.

ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രയത്‌നങ്ങളെ ഊര്‍ജ്ജിതപ്പെടുത്താനാണ് ഈ ശ്രമമെന്നാണ് മാപ്പ് മൈ ഇന്ത്യ സി.ഇ.ഒ രോഹന്‍ വര്‍മ്മ വിശദമാക്കുന്നത്. നാവിഗേഷനില്‍ ഭാരതീയര്‍ക്ക് തദ്ദേശീയമായ പരിഹാരം കണ്ടെത്താനാണ് ശ്രമം. ഭാവിയില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇവിടെ നിര്‍മിച്ച ആപ്പിനെ ആശ്രയിക്കാം വിദേശത്തു രൂപകല്‍പന ചെയ്ത സേവനം തേടേണ്ടതില്ല. ഗൂഗിള്‍ എര്‍ത്തോ ഗൂഗിള്‍ മാപ്പോ നിങ്ങള്‍ക്ക് ഇനി ആവശ്യമായി വരില്ലെന്നും രോഹന്‍ വര്‍മ്മ പറയുന്നു. ഇത് സംബന്ധിച്ച ധാരണയില്‍ ഐ.എസ.്ആര്‍.ഒ ഒപ്പുവച്ചതായാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജിയോ സ്‌പേഷ്യല്‍ വിദഗ്ധരുമായി ചേര്‍ന്ന് ഇതിനായി ജിയോ പോര്‍ട്ടലുകളുടെ സേവനം മെച്ചപ്പെടുത്തും. ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം  ഐ.ആര്‍.എന്‍.എസ്.എസ് ഇതിനായി പ്രയോജനപ്പെടുത്തും.

ഐ.എസ്.ആര്‍.ഒയും മാപ്പ് മൈ ഇന്ത്യയും തങ്ങളുടെ സേവനങ്ങളും പരസ്പരം കൈമാറും. കാലാവസ്ഥ, മലിനീകരണം, കാര്‍ഷിക വിളകള്‍, ഭൂമിയുടെ ഘടനമാറ്റം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള വിവരങ്ങളും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റോഹന്‍ വര്‍മ്മ വിശദമാക്കുന്നത്. ഇന്ത്യയുടെ സാറ്റലൈറ്റ് ഇമേജിംഗ് സംവിധാനം, എര്‍ത്ത് ഒബ്‌സര്‍വേഷം ഡാറ്റ, ഡിജിറ്റല്‍ മാപ് ഡാറ്റ, ജിയോ സ്‌പേഷ്യല്‍ സാങ്കേതിക വിദ്യ എന്നിവയും ഇതിനായി പ്രയോജനപ്പെടുത്തും. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top