News Desk

2021-06-04 03:05:20 pm IST

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കുഴല്‍പ്പണം കടത്തിയെന്ന ആരോപണം കനക്കുന്നു. സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പരിശോധന നടത്തണമായിരുന്നുവെന്നും ബാഗില്‍ എന്താണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെ വിശദീകരണം നല്‍കണമെന്നും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്‍ സോജി ആവശ്യപ്പെട്ടു.

നേരത്തെ കെ.സുരേന്ദ്രന്റെ പ്രചാരണ സ്ഥലങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചും അവിടുത്തെ സാമ്പത്തിക ക്രയവിക്രയങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ഏന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തില്‍ കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും.

സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, പെരുനാട് മാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ് എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ ശേഷം രണ്ട് ഇടങ്ങളിലും സഹായികള്‍ ബാഗുകള്‍ കാറിലേക്ക് മാറ്റിയിരുന്നു. പെരുനാട് മാമ്പാറയില്‍ നിന്ന് സഹായികള്‍ രണ്ട് വലിയ ബാഗുകള്‍ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം ഒരു ബാഗും സഹായി കാറിലേക്ക് മാറ്റിയതായി വ്യക്തമായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top