News Desk

2021-04-10 02:22:39 pm IST
കോഴിക്കോട്: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്റെ തൂങ്ങി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. രതീഷിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് ഇന്നലെ വൈകീട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലത്ത് 8.30 ഓടെ ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടികള്‍ ഒന്നര മണിക്കൂര്‍ നീണ്ടു. വളയം സി.ഐ.പി ആര്‍.മനോജ് നേതൃത്വം നല്‍കി. 

വടകരയില്‍ നിന്നെത്തിയ വിരലടയാള വിധഗ്ദരും ബാലുശ്ശേരിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത്‌നിന്ന് തെളിവുകള്‍ ശേഖരിച്ചു. രതീഷിന്റെതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പുകളും മാസ്‌കും പൊലീസ് കണ്ടെടുത്തു. വസ്ത്രത്തില്‍ നിന്ന് കടലാസ് തുണ്ടും കണ്ടെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും

നാദാപുരം ഡി.വൈ.എസ്.പി പി.എ.ശിവദാസ് സംഭവ സ്ഥലത്തെത്തിയിരുന്നു. രതീഷ് വര്‍ഷങ്ങളായി പാറക്കടവ് വളയം റോഡില്‍ വില്ലേജ് ഓഫീസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. 

വളയം, ചെക്യാട് മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.

അതേസമയം, മരണപ്പെട്ട മന്‍സൂറിന്റെ വീട് യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. മന്‍സൂര്‍ വധത്തില്‍ പൊലീസിന്റെ പക്ഷപാത സമീപനത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും കണ്ണൂരില്‍ ഇന്ന് യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top