News Desk

2021-02-26 06:17:17 pm IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രചാരത്തിലുള്ള സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. വാട്‌സ് ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 

കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്‌സ്ആപ്പാണ്, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്ബുക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാലാം സ്ഥാനത്തുള്ള ഇന്‍സ്റ്റഗ്രാമിന് 21 കോടി അക്കൗണ്ടുകളാണുള്ളത്.

ഏറ്റവും കുറവ് ഉപഭോക്താക്കളുള്ള ട്വിറ്ററിന് വെറും 1.75 കോടി അക്കൗണ്ടുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് സോഷ്യല്‍ മീഡിയ, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം വ്യാഴാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നതായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, പുതിയ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവന്നതോടെ രസകരമായൊരു വിവരവും പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണമാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്.

1.75 കോടി ഇന്ത്യക്കാര്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നതെങ്കില്‍ മോദിക്ക് 6.6 കോടി ഫോളോവേഴ്സ് എങ്ങിനെ വന്നു എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. മോദിയുടെ 4.85 കോടിവരുന്ന ഫോളോവേഴ്സ് ആരാണെന്നാണ് സംശയം. നിരവധി പേര്‍ ഈ വിഷയത്തില്‍ സംശയം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. 

മോദിയെ പിന്തുടരുന്നവര്‍ വിദേശികളാണോ വ്യാജ അക്കൗണ്ടുകളാണോ എന്നാണ് അവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വിവരം തെറ്റാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top