News Desk

2021-05-04 07:17:10 pm IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. 

കേരളത്തിലും ഗ്രാമീണ മേഖലയില്‍ മുമ്പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണ് എന്നതും ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമാണ്. എങ്കിലും നഗരത്തിലുള്ളത് പോലെ തന്നെ ശക്തമായ നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണ് എന്നതാണ് വസ്തുതകള്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഗ്രാമപ്രദേശത്തും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അത് ഉറപ്പാക്കണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ നില ഇടയ്ക്കിടെ പരിശോധിക്കണം. 

എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വാര്‍ഡ് മെമ്പര്‍മാരുമായോ ആരോഗ്യപ്രവര്‍ത്തകരേയോ ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ആര്‍ക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളുമായും വയോജനങ്ങളുമായും ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. സാധനം വാങ്ങുമ്പോള്‍ അടുത്തുള്ള കടകളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ വാങ്ങണം. വീട്ടിലെ ജനലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകള്‍ നിരന്തരം സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. ഗൃഹസന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടിയുള്ള 2.40 ലക്ഷം വാക്‌സിന്‍ കൂടി സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷ. 73,38,860 ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. നല്ല രീതിയില്‍ വാക്സിന്‍ മുഴുവനായും ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെയാണ് സംസ്ഥാനത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കു കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

രോഗം വ്യാപിക്കുമ്പോള്‍ പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക അനിവാര്യമാണ്. എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി 11 സ്വകാര്യ ആശുപത്രികള്‍ കൂടി കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ഓക്സിജന്‍ സംഭരണം ആരംഭിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജന്‍ സുഗമമായി എത്തുന്നുണ്ടോ എന്നു നോക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

50 ശതമാനം കിടക്കകള്‍ സജ്ജമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മാസ്‌ക് ധരിക്കാത്ത 17730 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ വാര്‍ഡ്തല സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണതയിലെത്തിക്കും. ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും സംസ്ഥാന തലത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മേല്‍നോട്ടം വഹിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top