News Desk

2021-04-09 10:55:44 pm IST

മലപ്പുറം: ബന്ധു നിയമനത്തില്‍ കുറ്റക്കാരനാണെന്ന ലോകായുക്തയുടെ വിധിയില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

'ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.', ജലീല്‍ പറഞ്ഞു.


ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ച മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീല്‍ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top