News Desk

2021-03-14 11:57:37 am IST

തൃശൂര്‍: എല്‍.ഡി.എഫിന്റെ നാട്ടിക മണ്ഡലം സ്ഥാനാര്‍ഥി സി.പി.ഐയിലെ മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി ജന്മഭൂമി പത്രം. അതേസമയം, വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.

സി.സി മുകുന്ദന്റെ ചരമവാര്‍ത്ത ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത് മനുഷ്യത്വ വിരുദ്ധവും അപമാനകരവുമാണെന്ന് കെ.കെ വത്സരാജ് പ്രസ്താവനയില്‍ പറഞ്ഞു. ജന്മഭൂമി പത്രം മുകുന്ദന്റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാനെന്നും അദ്ദേഹം പറഞ്ഞു. 

നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.', അദ്ദേഹം പറഞ്ഞു.

ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും കെ.കെ വത്സരാജ് പറഞ്ഞു.

കര്‍ഷക തൊഴിലാളി യൂണിയന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top