News Desk

2021-02-01 05:55:53 pm IST
ദോഹ: ഖത്തര്‍ 2020ല്‍ ഏറ്റവുമധികം കയറ്റുമതി നടത്തിയ രാജ്യമായി ജപ്പാനെന്ന് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ വര്‍ഷം 29.11 ബില്ല്യണ്‍ റിയാല്‍ ആസ്തിയുള്ള കയറ്റുമതിയാണ് ഖത്തര്‍ ജപ്പാനിലേക്ക് നടത്തിയത്. 

ഖത്തറില്‍ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. 28.31 ബില്ല്യണ്‍ റിയാല്‍ ആസ്തിയുള്ള കയറ്റുമതിയാണ് ഖത്തര്‍ ചൈനയിലേക്ക് അയച്ചത്. 26.77 ബില്ല്യണ്‍ റിയാലിന്റെ കയറ്റുമതിയുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 24.12 ബില്ല്യണ്‍ റിയാലിന്റെ കയറ്റുമതിയുമായി ദക്ഷിണ കൊറിയ നാലാം സ്ഥാനത്തും 11.95 ബില്ല്യണ്‍ റിയാലുമായി സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങളിലേക്ക് ഖത്തര്‍ നടത്തിയ കയറ്റുമതിയുടെ ആകെ ആസ്തി 121.27 ബില്ല്യണ്‍ റിയാലാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായതായി പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം ഖത്തറില്‍ ഉല്പാദിപ്പിച്ചതും പുനരുല്‍പാദിപ്പിച്ചതുമായ സാധനങ്ങളുടെ കയറ്റുമതിയിലൂടെ 49 ബില്ല്യണ്‍ റിയാലാണ് രാജ്യം സമ്പാദിച്ചത്. 

2020 ഡിസംബര്‍ മാസത്തില്‍ കയറ്റുമതിയിലൂടെ 17.1 ബില്ല്യണ്‍ റിയാല്‍ വരവുണ്ടായി. നവംബറില്‍ 16.6 ബില്ല്യണ്‍ റിയാലിന്റെയും ഒക്ടോബറില്‍ 15.3 ബില്ല്യണ്‍ റിയാലിന്റെയും കയറ്റുമതിയാണ് ഖത്തറില്‍ നടന്നത്. പ്രധാനമായും എല്‍.എന്‍.ജിയാണ് ഈ രാജ്യങ്ങളിലേക്ക് ഖത്തര്‍ കയറ്റുമതി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം പ്രധാനമായും എല്‍.എന്‍.ജി, മിനെറല്‍ ഇന്ധനങ്ങള്‍, ലൂബ്രിക്കന്റുകള്‍, അനുബന്ധ ഉല്പന്നങ്ങള്‍, രാസവസ്തുക്കളും അനുബന്ധ ഉല്പന്നങ്ങളും എന്നിവയാണ് ഖത്തറില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. കയറ്റുമതിയിലും ഇറക്കുമതിയിലും കാര്യമായ ചാഞ്ചാട്ടങ്ങള്‍ സംഭവിച്ച വര്‍ഷമായിരുന്നു 2020.

ലോകമെമ്പാടും കൊവിഡ് പ്രതിസന്ധിയില്‍ ലോക്‌ഡൌണില്‍ ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലോടെ കയറ്റുമതികള്‍ നിര്‍ത്തലാക്കിയിരുന്നു. എങ്കിലും വര്‍ഷാവസാനത്തോടെ കയറ്റുമതി ചെറിയ തോതില്‍ പുനരാരംഭിച്ചു തുടങ്ങിയിരുന്നു. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായതോടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top