News Desk

2021-03-22 01:24:33 pm IST

കോഴിക്കോട്: ഒരു രാഷ്ട്രീയ കക്ഷി സംഘ് പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തെളിവു സഹിതം പറയുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പറയുന്നവര്‍ക്ക് ഉണ്ടെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. 

മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

ബി.ജെ.പിയുമായുള്ള ഡീല്‍ ആരോപിക്കുന്നവര്‍ രേഖകള്‍ നിരത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത പാര്‍ട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും അതേക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ വിഭാഗത്തെയും മുസ്‌ലിം വിഭാഗത്തെയും അകറ്റാനുള്ള ശ്രമം ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ യഥാര്‍ഥ ചൈതന്യം ഉള്‍കൊള്ളാത്തവരാണ് തീവ്രപക്ഷക്കാരെന്നും എല്ലാ മതങ്ങളിലും അവര്‍ ചെറുവിഭാഗമാണെന്നും തങ്ങള്‍ പറഞ്ഞു. ഭൂരിഭാഗം പേരും വര്‍ഗീയമായി ചിന്തിക്കുന്നവരല്ല. വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ലെന്നും തങ്ങള്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top